ഇരവിപേരൂർ : പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്‌സിൻ നൽകിത്തുടങ്ങി. നസ്രേത്ത് ആശ്രമത്തിലെ സെന്ററിലാണ് കുത്തിവെയ്പ്.

ചൊവ്വാഴ്ച 50 ഭിന്നശേഷിക്കർക്ക് വാക്‌സിൻ നൽകി. സ്വയം വാഹനത്തിലെത്താൻ കഴിയാത്തവർക്ക് പഞ്ചായത്ത് വണ്ടിസൗകര്യം ക്രമീകരിച്ചിരുന്നു. പരസഹായംവേണ്ട മുഴുവൻ ഭിന്നശേഷിക്കാരെയും എത്തിക്കാൻ പഞ്ചായത്ത് നടപടി തുടങ്ങി.

ഗിൽഗാൽ ആശ്വാസഭവനിലെ 350 അന്തേവാസികളിൽ 130 പേർക്ക് കഴിഞ്ഞയാഴ്ച കോവിഡ് വാക്‌സിൻ നൽകിയിരുന്നു. ഇവിടെ താമസിക്കുന്ന ഭിന്നശേഷിക്കാരായ എട്ടുപേർ കോവിഡ് പോസിറ്റീവായതിനെ തുടർന്ന്‌ എടുക്കാനായില്ല.

ഇക്കൂട്ടത്തിൽ അധികം താമസിക്കാതെ ഗിൽഗാലിലും വാക്‌സിൻ നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള അറിയിച്ചു.

ഇരവിപേരൂരിലെ ചെങ്ങാമണ്ണിൽ, ഇരഞ്ഞിമൂട്, ഇലഞ്ഞിമൂട് കോളനികളിൽ കോവിഡ് ടെസ്റ്റിന്റെ ഭാഗമായി ആന്റിജൻ പരിശോധന നടത്തി.

പഞ്ചായത്തിന് ലഭിച്ച രണ്ട് മൊബൈൽ ആർ.ടി.പി.സി.ആർ. പരിശോധനാ യൂണിറ്റ് ഉപയോഗിച്ച് ഇരവിപേരൂർ, വള്ളംകുളം കവലകളിൽ ചൊവ്വാഴ്ച 196 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.