കലഞ്ഞൂർ : ജില്ലയിൽ ഏറ്റവും അധികം ക്വാറികളും ക്രഷറുകളും ഉള്ള കലഞ്ഞൂർ പഞ്ചായത്തിൽ പുതിയ ക്വാറികൾക്ക് അനുമതി നൽകരുതെന്ന് ആന്റോ ആന്റണി എം.പി. ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് എൻവൈറൺമെന്റൽ എൻജിനീയർക്ക് കത്തും നൽകി. ഇതിനൊപ്പം കോവിഡ് സാഹചര്യം പരിഗണിച്ച് 27-ന് നിശ്ചയിച്ചിട്ടുള്ള പൊതു ഹിയറിങ് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
കലഞ്ഞൂർ പഞ്ചായത്തിൽ ശ്രമം നടക്കുന്ന ക്വാറിയുടെ പൊതു ഹിയറിങ് കലഞ്ഞൂർ പഞ്ചായത്തിൽനിന്ന് മാറ്റി കോന്നി പഞ്ചായത്തിലാക്കിയത് ഉപേക്ഷിച്ച് കലഞ്ഞൂരിൽ തന്നെ നടത്തണമെന്നും ആന്റോ ആന്റണി എം.പി. ചീഫ് എൻവൈറൺമെന്റൽ എൻജിനീയർ, ജില്ലാ കളക്ടർ എന്നിവർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
പഞ്ചായത്ത് സർവകക്ഷിയോഗം വിളിച്ചു
കൂടൽ വില്ലേജിൽ പുതിയ ക്വാറിയുമായി ബന്ധപ്പെട്ട മലിനീകരണ നിയന്ത്രണ ബോർഡ് നടത്തുന്ന പബ്ലിക് ഹിയറിങ്ങുമായി ബന്ധപ്പെട്ട് കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് സർവകക്ഷിയോഗം വിളിച്ചു.
ഇഞ്ചപ്പാറ സെന്റ് ഗ്രിഗോറിയോസ് പാരിഷ് ഹാളിൽ 17-ന് രാവിലെ 10.30-നാണ് സർവകക്ഷിയോഗം. പുതിയ ക്വാറിയുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകൾ പഞ്ചായത്തിൽ നിവേദനങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യോഗമെന്ന് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി പറഞ്ഞു.