പത്തനംതിട്ട : ജില്ലിൽ കോവിഡ് വാക്സിനേഷനുള്ള ഒരുക്കൾ പൂർത്തിയായി. പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, അയിരൂർ ആയുർവേദ ജില്ലാ ആശുപത്രി, കൊറ്റനാട് ഹോമിയോ ജില്ലാ ആശുപത്രി, തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് എന്നിവയാണ് ജില്ലയിലെ വാക്സിൻ വിതരണകേന്ദ്രങ്ങൾ.
100 പേർക്കാണ് ഒരുദിവസം കുത്തിവെയ്പെടുക്കുക. ആദ്യ ദിവസത്തെ 900 ആരോഗ്യ പ്രവർത്തകരുടെ പട്ടിക തയ്യാറായിട്ടുണ്ട്. രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെയാണ് സമയം. ശനിയാഴ്ച രാവിലെ 10.30-ന് പ്രധാനമന്ത്രിയുടെ വെബ്‌കാസ്റ്റിങ്ങിനുശേഷം വാക്‌സിനേഷൻ തുടങ്ങും. ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്ക് രണ്ടാം ഡോസ് വാക്‌സിനും ഉറപ്പുവരുത്തും. വാക്‌സിൻ സ്വീകരിക്കാനായി എപ്പോൾ ഏത് കേന്ദ്രത്തിൽ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് മൊബൈലിൽ സന്ദേശം ലഭിക്കും.
വാക്‌സിനേഷനുശേഷം ഏതെങ്കിലും വ്യക്തിക്ക് പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു വാക്‌സിനേറ്റർ, നാല് വാക്‌സിനേഷൻ ഓഫീസർമാർ എന്നിവർ അടങ്ങിയ ഒരു ടീമാണ് ഒരു വാക്‌സിനേഷൻ കേന്ദ്രത്തിലുള്ളത്. വാക്‌സിനേഷനുശേഷം എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ അത് പരിഹരിക്കുന്നതിനുള്ള ആംബുലൻസ് അടക്കമുള്ള സംവിധാനവും ഇവിടെയുണ്ടാകും. വാക്‌സിനേഷനായി കാത്തിരിക്കുന്ന സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
പേർക്കുകൂടി കോവിഡ്
ജില്ലയിൽ വെള്ളിയാഴ്ച 443 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 437 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നഗരസഭകളിൽ തിരുവല്ലയും(24) പഞ്ചായത്തിൽ കുളനടയുമാണ്(23) രോഗികൾ കൂടുതൽ.
സീതത്തോട് അടയ്ക്കുന്നു ഇന്നുമുതൽ ഒരാഴ്ചത്തേക്ക് നിയന്ത്രണം
സീതത്തോട് : സീതത്തോട് പഞ്ചായത്തിലെ വ്യാപക കോവിഡ് ബാധ നിയന്ത്രിക്കുന്നതിനായി സീതത്തോട് ടൗൺ അടക്കം പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങൾ ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് അടച്ചിടുന്നു. സീതത്തോടിനു പുറമെ ആങ്ങമൂഴി, കമ്പിലെയിൻ, വാലുപാറ, അള്ളുങ്കൽ വാർഡുകളും അടച്ചിടും. രോഗനിയന്ത്രണത്തിനായി കർശന നിയന്ത്രണങ്ങളാണ് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് നിർദേശിച്ചിട്ടുള്ളത്.
അടച്ചിടുന്ന സ്ഥലങ്ങളിൽ രാവിലെ എട്ട് മുതൽ 11 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തിക്കുക. ഹോട്ടലുകളിൽനിന്ന് ഭക്ഷണം പാഴ്‌സലുകളായി മാത്രമേ നൽകാവൂ. ഓട്ടോ, ടാക്‌സി വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
സീതത്തോട്ടിൽ ഒരുമാസത്തിനിടെ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. മിക്ക വാർഡുകളിലും നിരവധിയാളുകൾ രോഗബാധിതരായുണ്ട്. പഞ്ചായത്തിൽ ഇതുവരെ പത്തോളം ആളുകൾ മരിച്ചു.
കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വിവിധ കേന്ദ്രങ്ങളിൽനിന്ന് ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് പഞ്ചായത്ത് അടച്ചിടാൻ തീരുമാനിച്ചത്. വിവിധ സ്ഥലങ്ങളിൽ ആന്റിജൻ പരിശോധന നടത്തുന്നുണ്ട്. ആരോഗ്യവകുപ്പ് കൂടുതൽ ബോധവൽക്കരണം നടത്തും.