കോഴഞ്ചേരി : ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിജയാനന്ദ വിദ്യാപീഠത്തോടനുബന്ധിച്ച് ആറന്മുളയിൽ പൈതൃകവസ്തു മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൈതൃകമൂല്യങ്ങളും, പുരാവസ്തു പ്രാധാന്യവുമുള്ള വസ്തുക്കളുടെയും ഒരു പ്രദർശന ശേഖരം ഉണ്ടാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ കാല ജീവിതചര്യകളും, ആചാര വിശ്വാസ സങ്കൽപ്പങ്ങളും, സർഗവൈഭവവും മറ്റും വിളിച്ചോതുന്ന ശേഷിപ്പുകൾ കണ്ടെത്തി അവ അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ കാലങ്ങളിൽ ഉപയോഗിച്ചതും, കാലത്തിന്റെ മാറ്റത്തിൽ ഉപേക്ഷിക്കപ്പെട്ടതുമായ ഒട്ടേറെ വസ്തുക്കൾ ഇപ്പോഴും നഷ്ടപ്പെടാതെ സൂക്ഷിച്ച്് വെച്ചിട്ടുള്ളവരുമുണ്ട്. അവ ശേഖരിച്ച് ഭാവിതലമുറയ്ക്ക് കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും വേണ്ടിയാണ് ആറന്മുളയിൽ മ്യൂസിയം ആരംഭിക്കുന്നത്. ഇതിലേക്ക് ആവശ്യമായ വസ്തുക്കൾ ശേഖരിക്കുന്നതിനുവേണ്ടിയുള്ള ഗൃഹസമ്പർക്ക പരിപാടി നടത്തുവാൻ ട്രസ്റ്റ് യോഗം തീരുമാനിച്ചു.
ആറന്മുള ലക്ഷ്മീപുരത്ത് പി.വിജയകൃഷ്ണന്റെ വീട്ടിൽനിന്ന് പുരാതനമായ തിരികല്ലും, കിണ്ടിയും, ആട്ടുകല്ലും സ്വീകരിച്ച് പുരാവസ്തുശേഖരണത്തിന്റെ ഉദ്ഘാടനം മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിച്ചു. ട്രസ്റ്റി അജയകുമാർ വല്ലൂഴത്തിൽ, മ്യൂസിയം കൺവീനർ പി.ആർ.ഷാജി, കോ-ഓർഡിനേറ്റർ ശ്രീകുമാർ, പി.പി.ചന്ദ്രശേഖരൻ നായർ, സുരേഷ് കുമാർ, ഉണ്ണി കല്ലിശ്ശേരി, വേണു പനവേലി, വി.മഹേഷ്, മനു കിടങ്ങന്നൂർ എന്നിവർ പങ്കെടുത്തു. മ്യൂസിയത്തിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ നൽകുവാൻ ആഗ്രഹിക്കുന്നവർ പി.ആർ. ഷാജി, വിജയാനന്ദ വിദ്യാപീഠം, പൈതൃക പുരാവസ്തു മ്യൂസിയം, ആറന്മുള, പത്തനംതിട്ട, എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9496631114.