ഏനാദിമംഗലം : മുരുകൻകുന്നിൽ ശാന്തയും ഭർത്താവ് സുരേന്ദ്രനും മകൻ സുധീഷും മരുമകൾ ചിത്രയും അടങ്ങുന്ന കുടുംബം താമസിക്കുന്ന വീടിന്റെ അവസ്ഥ ദയനീയമാണ്. പൊട്ടിപ്പൊളിഞ്ഞ ആസ്ബസ്റ്റോസ് ഷീറ്റിട്ട ഒരുമുറിയാണ് ഇവർ നാലുപേരുടെ കിടപ്പുമുറി.

ഇതിനൊപ്പം പ്ലാസ്റ്റിക്കും ടാർപ്പോളിനും ചേർത്തുകെട്ടിയ ഒരു അടുക്കളയുമാണ് ഈ നാലുപേരടങ്ങുന്ന കുടുംബത്തിന്റെ ലോകം. കഴിഞ്ഞ ശക്തമായ മഴ സമയത്ത് ഇവരുടെ വീടിന്റെ ഭിത്തികളും വീണ്ടുകീറിപ്പോയിട്ടുണ്ട്. മേൽക്കൂരയിലെ തടികളും ദ്രവിച്ച് ഏതുസമയവും നിലംപൊത്താമെന്ന അവസ്ഥയിലാണ്. ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാർഡിൽ മുരുകൻകുന്നിലാണ് ഇവർ താമസിക്കുന്നത്. നിരവധി വർഷങ്ങളായി ഇവർ ഗ്രാമപ്പഞ്ചായത്തിൽ ലൈഫ് പദ്ധതിപ്രകാരം വീടിന് അപേക്ഷ നൽകുന്നുണ്ട്.

അടുത്ത സമയത്ത് ലൈഫിന്റെ വീടിന്റെ പരിശോധനയ്ക്കെന്ന പേരിൽ ഉദ്യോഗസ്ഥൻ എത്തി റോഡിൽനിന്ന് ഇവരോട് സംസാരിച്ച്, പോകുകയും ചെയ്തു. എന്നാൽ, ലൈഫിൽ വീടിനായി നൽകിയ അപേക്ഷയെപ്പറ്റി പഞ്ചായത്തിൽ തിരക്കിയാൽ ഉടൻതന്നെ ശരിയാക്കിത്തരാമെന്ന മറുപടിയാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നൽകുന്നത്.