കലഞ്ഞൂർ: ജീവിതത്തിൽ സന്തോഷംനിറയ്ക്കാൻ യാത്രകളാണ് പറക്കോട് അമൃത ഗേൾസ് സ്കൂളിലെ ക്ളാർക്കായ മനു ഏഴംകുളത്തിന്റെ വഴി. ഗംഗാ, യമുനാ നദികളുടെ ഉത്‌ഭവംതേടി ഹിമാലയത്തിൽ പോയി. കഴിഞ്ഞ 11 വർഷമായി മുടങ്ങാതെ കാശിയാത്രയും നടത്തി. 2010 മുതലാണ് മുടങ്ങാതെ കാശിയാത്ര ചെയ്യുന്നത്. അതിനൊപ്പം സാരനാഥിലും വാരാണസിയിലുമെത്തും.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആർഷഭാരത സംസ്‌കാര സമ്പന്നതയുടെ തിരുശേഷിപ്പുകളുടെ കാഴ്ചകളാണ് ഈ യാത്രകൾക്കെല്ലാം മനുവിന് പ്രചോദനമാകുന്നത്. മിക്കപ്പോഴും യാത്രകൾക്ക് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പ്രകാശും ഒപ്പമുണ്ടാകും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കുമൊപ്പം നേപ്പാൾ, ഭൂട്ടാൻ, ടിബറ്റ്, ചൈന, തായ്‌ലൻഡ്‌ എന്നീ രാജ്യങ്ങളിലും ഏഴംകുളം മുളയ്ക്കൽവീട്ടിൽ മനു യാത്രചെയ്തിട്ടുണ്ട്.

ഗംഗയുടെ ഉത്ഭവം തേടി

ഹരിദ്വാറിൽനിന്ന് ഡെറാഡൂൺ, മസൂറിവഴി 195 കിലോമീറ്റർ യാത്രചെയ്ത് ഹിമാലയൻ തുരങ്കത്തിലെത്തുമ്പോൾതന്നെ യാത്രയുടെ ആവേശം ഇരട്ടിയാകും. അവിടെനിന്ന് ഉത്തരകാശിയും ഭാഗീരഥി നദിയും കണ്ടറിഞ്ഞ് ഗംഗയുടെ ഉത്‌ഭവസ്ഥാനമായ ഗംഗോത്രിയിലെത്തി. ഇതിനിടയിൽ ആപ്പിൾതോട്ടങ്ങൾ നിറഞ്ഞുകിടക്കുന്ന സുഖി പ്രദേശവും കാണാം.

ഉത്തരകാശിയിൽനിന്ന് 100 കിലോമീറ്ററോളമുണ്ട് ഗംഗോത്രിയിലെത്താൻ. ഗംഗോത്രിയിലെത്തിയാൽ കാഴ്ചയുടെ വസന്തങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ചീഡ് വാസസ്ഥലത്തുള്ള ഗംഗോത്രി നാഷണൽ പാർക്ക്‌, ബോജ് വാസ, ഗഡ്വാൾ മണ്ഡൽ എന്നിവിടങ്ങളിലാണ് കൂടുതൽ സമയവും വിനിയോഗിച്ചത്‌. ഈ യാത്ര അവസാനിച്ചത് ഭാഗീരഥിനദിയുടെ ഉത്ഭവമായ ഗോമുഖിലെത്തി.

സ്വർഗാരോഹിണിയിലേക്കും

കൊച്ചുവേളി-ഡെറാഡൂൺ എക്സ്പ്രസിൽ തിരുവനന്തപുരത്തുനിന്നാണ് മനുവിന്റെ സ്വർഗാരോഹിണിയിലേക്കുള്ള യാത്രതുടങ്ങിയത്. കൊങ്കൺപാതയിലെ കാഴ്ചകൾകണ്ട് മൂന്നാംദിവസം തപോഭൂമിയുടെ കവാടമായ ഹരിദ്വാറിലാണ് ആദ്യമെത്തിയത്. മോക്ഷദായിനിയായ ഗംഗാനദിയിൽ മുങ്ങിനിവർന്ന് ഹിമാലയയാത്രയ്ക്കുള്ള ഊർജം നിറച്ചു. പിറ്റേന്ന് ഋഷികാശിയിലേക്കാണ് പോയത്. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമാണ് അവിടെനിന്ന് കിട്ടിയത്.

അവിടെയുള്ള വസിഷ്ഠഗുഹയിലെ മഠാധിപതിയുമായി സംസാരിക്കവേ അദ്ദേഹം, എവിടെനിന്ന് വരുകയാണെന്ന് ചോദിച്ചപ്പോൾ, പത്തനംതിട്ട ജില്ലയിലെ ഏഴംകുളത്തുനിന്ന് എന്ന് മറുപടി നൽകി. സ്വാമിയിൽനിന്ന് കിട്ടിയ മറുപടിയാണ് ഏറ്റവും അത്‌ഭുതത്തിലാക്കിയത്. അദ്ദേഹം ഓമല്ലൂരിൽനിന്ന് പോന്നിട്ട് 60 വർഷംകഴിഞ്ഞുവെന്നായിരുന്നു മറുപടി നൽകിയത്. പിന്നീട് ദേവപ്രയാഗം, കേദാർനാഥ്, ചമോലി, നന്ദുപ്രയാഗ് എന്നിവിടങ്ങളിലൂടെ ബദരീനാഥിലെത്തി.

അവിടെനിന്ന് 30 കിലോമീറ്റർ ദൂരെയാണ് ‘സ്വർഗാരോഹിണി’യെന്നസ്ഥലം.

ഇവിടത്തെ തടാകത്തിൽ സ്നാനംചെയ്ത് തീരത്തുള്ള പർവതനിരയിലെ ഹിമപ്പടവുകൾ കയറി ധർമപുത്രരും ശ്വാനരൂപത്തിൽ കൂടെവന്ന പിതാവായ യമധർമനും ഉടലോടെ സ്വർഗത്തിലേക്ക് യാത്രചെയ്തതിനാലാണ് ഇതിന് ‘സ്വർഗാരോഹിണി’ എന്ന പേരുണ്ടായത്.