മല്ലപ്പള്ളി : പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ എടുത്ത എസ്റ്റിമേറ്റ് പ്രകാരം പണി നടത്താനാവില്ലെന്ന് എക്സിക്യുട്ടീവ് എൻജിനീയർ. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്ത് ശുദ്ധജല പദ്ധതിയുടെ പൈപ്പ് കുഴിച്ചിട്ട് റോഡ് നന്നാക്കുന്ന കാര്യത്തിലാണ് ഉദ്യോഗസ്ഥരുടെ ഭിന്നത നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നത്.

മറ്റ് ജോലികൾ പൂർത്തിയായിട്ടും മണിമലയാറ്റിലെ കോഴിമണ്ണിൽ കടവിൽനിന്ന് പുളിക്കാമലയിലെ ശുദ്ധീകരണശാലയിലേക്ക് പൈപ്പിടാൻ കഴിഞ്ഞിട്ടില്ല. റോഡിലെ എല്ലാ പ്രവൃത്തികൾക്കുമായി 3.46 കോടി രൂപയാണ് പി.ഡബ്ല്യു.ഡി. ആദ്യം ആവശ്യപ്പെട്ടിരുന്നത്. പണമില്ലാത്തതിനാൽ ഒരു വർഷമായി പണി മുടങ്ങിയിരിക്കുകയാണ്.

തുടർന്ന് മണിമലയാറ്റിലെ കോഴിമണ്ണിൽ കടവിൽനിന്ന് പുളിക്കാമലയിലെ ശുദ്ധീകരണ ശാലയിലേക്ക് മാത്രമുള്ള പൈപ്പുകൾ ഇടുന്ന ഭാഗം നന്നാക്കാൻ ഒൻപതര ലക്ഷത്തിന്റെ എസ്റ്റിമേറ്റ് പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എൻജിനീയർ തയ്യാറാക്കി സബ് ഡിവിഷൻ മുഖാന്തരം സമർപ്പിച്ചു. അംഗീകരിക്കും മുൻപ് പരിശോധന നടത്താനെത്തിയ എക്സിക്യുട്ടീവ് എൻജിനീയർ എസ്റ്റിമേറ്റിൽ പിഴവുകളുണ്ടെന്ന് വിലയിരുത്തി തിരിച്ചയച്ചു. 200 മുതൽ 400 മില്ലി മീറ്റർവരെ വ്യാസമുള്ള കുഴലുകളാണ് 90 സെന്റീമീറ്റർ ആഴത്തിൽ കുഴിച്ചിടേണ്ടത്. ഒരു മീറ്ററോളം വീതിയിൽ കുഴിയെടുക്കുമ്പോൾ നിലവിലുള്ള റോഡിന്റെ അടിത്തറ നഷ്ടപ്പെടും.

വളവുകളിൽ റോഡിലേക്ക് കൂടുതൽ കയറേണ്ടിവരും. മൂന്ന് കിലോമീറ്റർ ദൂരം 20 സെന്റീമീറ്റർ കനത്തിൽ മെറ്റൽ മണൽ മിശ്രിതം ഇട്ട് ഉറപ്പിക്കാൻതന്നെ 12 ലക്ഷം രൂപയാകും. ടാർ ഉപരിതലത്തിന് വെളിയിലൂടെ മാത്രം കുറഞ്ഞ വീതിയിൽ ചെറിയ പൈപ്പ് ഇടുന്നതിനുള്ള എസ്റ്റിമേറ്റ് ആണ് സമർപ്പിച്ചിരുന്നത്. അതിനാൽ അംഗീകരിക്കാനാവില്ലെന്ന് എക്സിക്യുട്ടീവ് എൻജിനീയർ വിനു പറയുന്നു.

വാട്ടർ അതോറിറ്റിയും പി.ഡബ്ല്യു.ഡി.യും തമ്മിൽ വടംവലി മുറുകുമ്പോൾ പ്രശ്നപരിഹാരത്തിന് നീക്കമില്ല. ഇക്കാര്യം ഇതുവരെ അറിഞ്ഞില്ലെന്നാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ വാദം. എന്നാൽ, പത്രവാർത്തകൾ സഹിതം നാട്ടുകാർ അയച്ചുകൊടുത്തിട്ടും ഇതുവരെ നടപടിയില്ല. എം.എൽ.എ.യും മന്ത്രിയും ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി തീരുമാനം അറിയിക്കുകയും ചെയ്തിരുന്നു. തടസ്സം തുടരുന്നതിൽ പ്രതിഷേധിച്ച് എം.എൽ.എ.യുടെ വീട്ടിലേക്ക് മാർച്ച് ഉൾെപ്പടെയുള്ള സമരപരിപാടികൾ രാഷ്ട്രീയപാർട്ടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.