അടൂർ : നിരന്തരം പൊട്ടുന്ന ജലവിതരണക്കുഴൽ. ഇതുകാരണം കുടിവെള്ളം മുടങ്ങുന്നതുമാത്രമല്ല പ്രശ്നം. റോഡ് തകർന്ന് നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്ന അവസ്ഥ. പൈപ്പ് പൊട്ടിയാൽ അത് നന്നാക്കുന്നതും റോഡ് തകർന്നാൽ മണ്ണിട്ട് മൂടുന്നതും ജലവിഭവവകുപ്പിന്റെ ഒരു ദിനചര്യയായി മാറിയിരിക്കുകയാണ്.

അടൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനുസമീപം ഒരു കുഴികുത്തി കുടിവെള്ള വിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ ജലവിഭവവകുപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. ഇടയ്ക്ക് കുഴി ഒന്നുമൂടും. അതിനേക്കാൾ വേഗത്തിൽ പൊട്ടലുമുണ്ടാകും. അപ്പോൾ വീണ്ടും കുഴിക്കും. എന്തായാലും ഇതുവരെ പ്രശ്നമെന്താണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.

ഇങ്ങനെപോയാൽ കുഴിച്ചുകുഴിച്ച് വെള്ളംകണ്ട് നഗരമധ്യത്തിൽ ഒരു കിണറുണ്ടാകുമോ എന്നാണ് നാട്ടുകാരുടെ സംശയം. ഇപ്പോൾ ഈ കുഴിക്കുചുറ്റും നാലു കമ്പുംനാട്ടി രണ്ട് കയർ കെട്ടി തിരിച്ചിട്ടിരിക്കുകയാണ്. ഈ കുഴികാരണം പ്രദേശത്ത് എപ്പോഴും ഗതാഗതക്കുരുക്കാണ്. കൂടാതെ കാൽനടയാത്രക്കാരും കുഴികാരണം പ്രയാസം അനുഭവിക്കുന്നുണ്ട്.

ഒരു കുഴി പല കുഴി

പത്തുകോടിക്ക് പത്തുപൈസയുടെ വിലയില്ലെന്ന് തെളിയിച്ചുതന്ന പദ്ധതിയാണ് കെ.പി.റോഡ് നവീകരണം. 2019 മേയിൽ അടൂർ സെൻട്രൽ മുതൽ പ്ലാൻറേഷൻമുക്കുവരെ നവീകരിച്ച കെ.പി.റോഡിന്റെ ഭൂരിഭാഗവും മാസങ്ങൾ കഴിഞ്ഞപ്പോൾതന്നെ ഇളകി കുഴിയായി. കുടിവെള്ള വിതരണപൈപ്പ് പൊട്ടിയാണ് റോഡ് ഇളകിയത്. റോഡ് കുഴിച്ച് പൈപ്പിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞപ്പോൾ പിന്നീട് റോഡ് ശരിയായ രീതിയിൽ ടാർചെയ്തുനൽകിയില്ല. റോഡിന്റെ പല ഭാാഗത്തും ഉണ്ടായ താഴ്ചയും കുഴിയും കാരണം ഇപ്പോൾ ഗതാഗതം വളരെ ദുഷ്കരമാണ്.