പുല്ലാട് : പിക്കപ്പ് വാനിനുപിന്നിൽ കാർ ഇടിച്ച് കാർ യാത്രികന് പരിക്ക്. കോയിപ്രം പഞ്ചായത്ത് മുൻ അംഗം ജോർജ് വി.സക്കറിയയ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മാരാമൺ ചാലിയക്കര ഭാഗത്തായിരുന്നു അപകടം.

കോഴഞ്ചേരി ഭാഗത്തുനിന്ന്‌ കോയിപ്രത്തേക്ക് വരുയായിരുന്നു കാർ. പരിക്കേറ്റ കാർയാത്രികനെ വാൻ ഡ്രൈവർ സാബുവും പ്രദേശവാസികളും ചേർന്ന് കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് പുല്ലാട് ജങ്‌ഷന്‌ സമീപം മൂന്ന് യുവാക്കൾക്ക് അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു. പ്രദേശത്ത് വേഗ നിയന്ത്രണ സംവിധാനങ്ങളോ നിരീക്ഷണ ക്യാമറകളോ ഇല്ലാത്തതാണ് അപകടങ്ങൾ തുടർകഥയാകുന്നതിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. തിരുവല്ല-കുമ്പഴ റോഡിലെ പുല്ലാട് കുന്നന്താനംമുതൽ തോട്ടപ്പുഴശേരി വില്ലേജ് ഓഫീസുവരെയുള്ള ഭാഗത്ത് കഴിഞ്ഞ ഒരുവർഷത്തിനിടയിൽ വലുതും ചെറുതമായ രണ്ട് ഡസനിലധികം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കുന്നന്താനംമുതൽ ചെട്ടിമുക്കുവരെ റോഡിന് അല്പംപോലും വളവ് ഇല്ലാത്തതിനാൽ രണ്ട് ദിശയിൽനിന്നും വരുന്ന വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നുപോകുന്നത്. വേഗത്തിൽ വരുന്ന വാഹനത്തെ അമിത വേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം. ഇത്രയേറെ അപകടം നടന്നിട്ടും ഈ ഭാഗങ്ങളിൽ വേഗനിയന്ത്രണ സംവിധാനം ഒരുക്കാനോ വേഗ നിരീക്ഷണ ക്യാമറ ഘടിപ്പിക്കാനോ അധികാരികൾ തയ്യാറായിട്ടില്ല.