തിരുവല്ല : കൊട്ടിഘോഷിച്ചുള്ള പ്രഖ്യാപനം വന്നപ്പോൾ കുറ്റൂരുകാർ പ്രതീക്ഷിച്ചു, തങ്ങളുടെ സർക്കാർ സ്‌കൂളും പുതിയമട്ടിലേക്ക് ഉയരുമെന്ന്. 75 ലക്ഷംരൂപയുടെ ഹയർ സെക്കൻഡറി ബ്ലോക്ക് വികസന പദ്ധതി നാലുവർഷം കഴിഞ്ഞിട്ടും കടലാസിൽതന്നെ കിടന്നതോടെ അവർ പ്രഖ്യാപനങ്ങളുടെ പൊള്ളത്തരം തിരിച്ചറിഞ്ഞുതുടങ്ങി. ലോക്ഡൗൺ നിയന്ത്രണങ്ങൾ കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ അസൗകര്യങ്ങൾ നിറഞ്ഞ പഴയകെട്ടിടത്തിൽതന്നെ കുട്ടികൾ പഠിക്കാനിരിക്കണം. ഹൈസ്കൂൾ നിലവാരത്തിലുള്ള ലാബിൽ ഹയർ സെക്കൻഡറിക്കാർ പ്രാക്ടിക്കൽ നടത്തണം. ജില്ലാപഞ്ചായത്ത് പ്രഖ്യാപിച്ച പദ്ധതിയാണ് എവിടെയുമെത്താതെ കിടക്കുന്നത്.

വികസന മാസ്റ്റർപ്ലാൻ ചീറ്റിയോ

സർക്കാർ വിദ്യാലയത്തെ മുന്നിലെത്തിക്കാനാണ് ജില്ലാപഞ്ചായത്ത് 75 ലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി നിരവധി യോഗങ്ങൾ ചേർന്നു. മാസ്റ്റർപ്ലാൻ തയ്യാറാക്കി. അഞ്ച് മുറിയും ലാബുമുള്ള ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ രൂപരേഖയൊരുക്കി. 2018-ൽ സർക്കാർ ഏജൻസിയായ കോസ്റ്റ്ഫോർഡിന് പണികളുടെ ചുമതല നൽകി. അവർ മണ്ണുപരിശോധനയും നടത്തി. അതിനപ്പുറം കാര്യങ്ങൾ നീങ്ങിയിട്ടില്ല. മണ്ണ് പരിശോധിച്ചതിന്റെ പണംപോലും കോസ്റ്റ്‌ഫോർഡിന് കിട്ടിയിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. 2019 മുതലുള്ള ജില്ലാപഞ്ചായത്തിന്റെ പദ്ധതി രേഖകളിലും കുറ്റൂർ സ്കൂളിനെക്കുറിച്ചുള്ള പരാമർശമില്ല. ഇനി ഈ പദ്ധതി നടപ്പാകുമോയെന്നുപോലും അധികൃതർക്ക് വ്യക്തതയില്ല.

ആന നിന്നാൽ അറിയാത്ത കാട്

കുറ്റൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂൾ എം.സി.റോഡിനരികിൽ കാടുവളർന്ന നിലയിൽ കിടപ്പുണ്ടിപ്പോൾ. ഉള്ളിൽ പലയിടത്തായി നാശാവസ്ഥയിലായ കെട്ടിടങ്ങൾ. 125 വർഷം പിന്നിട്ട സർക്കാർ വിദ്യാലയത്തിന്റെ ശോച്യാവസ്ഥ എവിടെയും കാണാം. 2014-ൽ ആണ് കുറ്റൂർ ഗവ. സ്കൂളിൽ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കുന്നത്. സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങൾ. കഴിഞ്ഞ തവണ കൊമേഴ്‌സിൽ 50 കുട്ടികളും സയൻസിൽ 24 കുട്ടികളും പഠിച്ചു. എം.സി.റോഡിനരികിലായിട്ടും സയൻസ് ബാച്ചിൽ ആളെത്താത്തത്‌ സ്കൂളിലെ സൗകര്യക്കുറവാണെന്ന് പൂർവവിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. മികച്ച റിസൽട്ടും സ്കൂളിനുണ്ട്. സയൻസ് ബാച്ചിൽ 100 ശതമാനം വിജയംനേടി. കൊമേഴ്‌സിൽ 85 ശതമാനവും.