കോഴഞ്ചേരി : കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ കൃഷിയെ കൂട്ടുപിടിച്ച കർഷകർക്ക് കണ്ണീര് മാത്രം മിച്ചം. കൃഷിയെയും ജീവിതത്തെയും പച്ച പിടിപ്പിക്കാൻ ഇറങ്ങിത്തിരിച്ച കർഷകരെ കാലവും ഭരണകൂടങ്ങളും ചതിക്കുകയാണെന്നാണ് ആരോപണം. രാസവളങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ഉത്പന്നങ്ങളുടെ വിലത്തകർച്ചയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.

കാർഷിക വിഭവങ്ങൾക്ക് വലുപ്പവും തൂക്കവും ലഭിക്കാൻ സഹായിക്കുന്ന യൂറിയയ്ക്കും പൊട്ടാഷിനുമാണ് കടുത്ത ക്ഷാമം നേരിടുന്നത്. പച്ചക്കറികൾ, റബ്ബർ, കപ്പ, വാഴ തുടങ്ങിയ കൃഷികൾക്ക് പൊട്ടാഷ് ഇടേണ്ട സമയമാണിപ്പോൾ. ഒരു ചാക്ക് പൊട്ടാഷിന് ആറ് മാസം മുമ്പ് 1000 രൂപയുണ്ടായിരുന്നത് ഇപ്പോൾ 1150 ആണ്. ഒട്ടു മിക്ക കൃഷികൾക്കും യൂറിയയും പൊട്ടാഷും മിശ്രിതമാക്കിയാണ് ഇടുന്നത്. രാസവളങ്ങളെ ആശ്രയിച്ച് കൃഷി ചെയ്യുന്നവർ യഥാസമയം വളപ്രയോഗം നടത്തിയില്ലെങ്കിൽ വിളവ് കുറയും.

നെൽകൃഷി ഒരു ഏക്കറിന് 50 കിലോ ഫാക്ടംഫോസും 20 കിലോ പൊട്ടാഷും 15-25 കിലോ യൂറിയയുമാണ് വേണ്ടത്. എന്നാൽ, വില കൂടിയതും വളങ്ങൾക്ക് ക്ഷാമം രൂക്ഷമായതുമാണ് കർഷകർ നേരിടുന്ന വെല്ലുവിളി. കഴിഞ്ഞ രണ്ട്‌ ലോക് ഡൗണിലെയും നിയന്ത്രണങ്ങൾ കാരണം വളം ഡിപ്പോകളുടെ പ്രവർത്തനം മുടങ്ങിയതും തിരിച്ചടിയായി. കൂട്ടുവളങ്ങൾക്കും ക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ട്. കീട നാശിനികൾക്ക് 60 മുതൽ 140 രൂപവരെ വില വർധിച്ചു.

ഇറക്കുമതിയും പ്രതിസന്ധിയിൽ

വളങ്ങളുടെ ഇറക്കുമതിച്ചുങ്കം കൂട്ടിയതും ഡോളറിന്റെ വില വ്യത്യാസവും കോവിഡ് ദുരിതവും കാരണം ഇറക്കുമതി കുറഞ്ഞതും കാർഷിക മേഖലയ്ക്ക്‌ തിരിച്ചടിയായി. ഇന്ത്യയിലെ വളം നിർമാണ കമ്പനികളിലൊന്നിലും പൊട്ടാഷ് ഉത്പാദിപ്പിക്കുന്നില്ല. റഷ്യ, കാനഡ, ജോർദാൻ എന്നീ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യയിലേക്ക് പൊട്ടാഷ് ഇറക്കുമതി ചെയ്യുന്നത്. ഫാക്ട്, എം.സി.എഫ്. കമ്പനികൾക്കാണ് കേരളത്തിലെ വിതരണച്ചുമതല. ഇവരുടെ പക്കലും ഇപ്പോൾ പൊട്ടാഷ് സ്റ്റോക്കില്ല. അന്യ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വന്നിരുന്ന രാസവള ലോഡുകളുടെ എണ്ണവും കോവിഡ് ദുരിതം കാരണം കുറഞ്ഞു.

കാലിത്തീറ്റയ്ക്കും രക്ഷയില്ല

കാലിത്തീറ്റ വില വർധനയും കർഷകരെ വലച്ചുതുടങ്ങി. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ കാലിത്തീറ്റ ഒരു ചാക്കിന് 300 രൂപയോളമാണ് വിവിധ കമ്പനികൾ കൂട്ടിയത്. കന്നുകാലികൾക്ക് കാലിത്തീറ്റ നൽകുന്നത് കുറഞ്ഞതോടെ പാലിന്റെ കൊഴുപ്പും കുറഞ്ഞുതുടങ്ങിയതായി ക്ഷീര കർഷകർ പറയുന്നു. കൊഴുപ്പുകുറഞ്ഞ പാൽ ശേഖരിക്കുന്നതിൽ മിൽമയ്ക്കും വൈമനസ്യം ഉണ്ടെന്നാണ് ആക്ഷേപം.