പന്തളം : നഗരസഭാ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിനെത്തുടർന്ന് പന്തളം നഗരസഭയിൽ ഭരണ- പ്രതിപക്ഷങ്ങൾ കൊമ്പുകോർത്ത് പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടന്നു. തിങ്കളാഴ്ച കൗൺസിൽ യോഗത്തിൽ ബഹളവും പുറത്ത് രാഷ്ട്രീയ കക്ഷികൾ സമരവും നടത്തി. നഗരസഭാ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൗൺസിലർമാർ ചൊവ്വാഴ്ച നഗരസഭാ കവാടത്തിൽ ധർണ നടത്തി.

പന്തളം നഗരസഭാ കൗൺസിൽ പിരിച്ചുവിടാൻ ഓംബുഡ്‌സ്മാന്റെ ഉപദേശം തേടണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ ഒൻപതിന് നഗരസഭാ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചതിനെത്തുടർന്നാണ് ഭരണ പ്രതിപക്ഷങ്ങൾ തുടക്കംമുതൽ കൊമ്പുകോർത്തുനിന്ന നഗരസഭയിൽ കൂടുതൽ ബഹളങ്ങൾക്ക് വഴിതെളിച്ചത്.

നഗരസഭയുടെ ബജറ്റ് മിച്ച ബജറ്റായി പാസാക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാലും സാനിറ്റേഷൻ സൊസൈറ്റി എന്നപേരിൽ നിയമവിരുദ്ധമായ പ്രവൃത്തികൾ നടത്തിയിരുന്നതിനാലുമാണ് നടപടി വേണ്ടതെന്നാണ്‌ കത്തിൽ പറയുന്നത്. എന്നാൽ, ബജറ്റ് പാസാക്കിയ സ്ഥിതിക്ക് അതിലുണ്ടായ വീഴ്ചയെന്തെന്ന് പരിശോധിക്കുകയാണ് ആദ്യ നടപടിയെന്നറിയുന്നു. സെക്രട്ടറിയും അദ്ദേഹത്തിന്റെ അഭാവത്തിൽ ഔദ്യോഗിക കൃത്യനിർവഹണം നടത്തേണ്ട മേലുേദ്യാഗസ്ഥരും അവധിയെടുത്തതും നഗരസഭയയെ നാഥനില്ലാക്കളരിയാക്കി.

ഭരണസ്തംഭനത്തിലേക്ക് നഗരസഭ

എട്ടുമാസം തർക്കങ്ങളും പ്രതിപക്ഷ സമരങ്ങളും അതിജീവിച്ച നഗരസഭയിൽ പിന്നെയും ഭരണ പ്രതിസന്ധിയുണ്ടാകുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എതിർപ്പുമായി മുന്നോട്ടുനീങ്ങിയ പ്രതിപക്ഷത്തിനുകിട്ടിയ ആയുധമാണ് നഗരസഭാ സെക്രട്ടറി തന്നെ സർക്കാരിലേക്ക് കത്ത് നൽകിയത്. നിയമങ്ങൾ അക്കമിട്ട് പറഞ്ഞിരിക്കുന്ന കത്ത് ഓംബുഡ്‌സ്മാന്റെ നിയമനടപടികളുടെ പരിഗണനയിലായതിനാൽ ഔദ്യോഗികമായ കൗൺസിൽ യോഗങ്ങളോ മറ്റ് നടത്തിപ്പുകളോ പാടില്ലെന്നും ഇത് ചട്ടവിരുദ്ധവുമാണെന്നാണ് നഗരസഭാ സെക്രട്ടറി പറയുന്നത്. ഇത്തരത്തിൽ തിങ്കളാഴ്ച ചേർന്ന നഗരസഭയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻപോലും ഭരണപക്ഷത്തിന് അവസരം നൽകാതെയായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം.

നഗരസഭയുടെ അധികാരം വിനിയോഗിക്കാം

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് അത് പിരിച്ചുവിടുന്നതുവരെ അവരുടെ അധികാരം വിനിയോഗിക്കാൻ കഴിയുമെന്നാണ് വിദഗ്‌ധാഭിപ്രായം. ബജറ്റ് നിയമപരമായി പാസാക്കിയതിൽ അപാകമുണ്ടെന്ന് പരാതി ലഭിക്കുന്നപക്ഷം അത് പരിശോധിക്കുകയാണ് ആദ്യം നടക്കുക. അതിനായി ഓംബുഡ്‌സ്മാനും ട്രിബ്യൂണലും ഉണ്ട്. ഇവർ പരിശോധിച്ചശേഷം മാത്രമേ നടപടി ഉണ്ടാവുകയുള്ളൂ. വിശദീകരണം നൽകാൻ ചെയർപേഴ്‌സണുൾപ്പെടെയുള്ളവർക്ക് അവസരവും ലഭിക്കും. അതുവരെ കൗൺസിൽ യോഗം ചേരുന്നതിനോ തീരുമാനങ്ങൾ എടുക്കുന്നതിനോ തടസ്സം കാണുന്നില്ലെന്നാണ് ഇതേക്കുറിച്ച് വിദഗ്‌ധർ പറയുന്നത്. മുമ്പ് ഇക്കാരണത്താൽ കൗൺസിൽ പിരിച്ചുവിട്ട സംഭവം ഉണ്ടായിട്ടുമില്ല.

ഭരണസമിതിക്ക് പിൻതുണയുമായി ബി.ജെ.പി.

ഭരണസമിതിക്ക് പിൻതുണ പ്രഖ്യാപിച്ച് ബി.ജെ.പി. ജില്ലാഘടകം രംഗത്തെത്തി. ഭരണസമിതിക്ക് തടസ്സമുണ്ടാക്കുന്ന തരത്തിൽ പ്രതിപക്ഷം സമരരംഗത്താണെങ്കിൽ പാർട്ടി രാഷ്ടീയപരമായി അതിനെ നേരിടുമെന്ന് ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പറഞ്ഞു.

ഇടതു വലതു മുന്നണികൾ ഭരണം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനാധിപത്യ മര്യാദകൾ പാലിച്ച് ബി.ജെ.പി. സമര രംഗത്തെത്തും. ഇടതു വലതു മുന്നണികൾ ചേർന്ന് അംഗീകരിച്ച ബജറ്റാണ് ഭരണ സമിതി പാസാക്കിയത്. ബി.ജെ.പി. അധികാരത്തിലെത്തിയെന്ന യാഥാർഥ്യം മനസ്സിലാക്കാൻ ഇപ്പോഴും സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. സെക്രട്ടറിയുമായി ചേർന്ന് ഭരണം അട്ടിമറിക്കാനുള്ള സി.പി.എം. നീക്കത്തിന്റെ ഭാഗമാണ് ഇല്ലാത്ത അധികാരമുപയോഗിച്ചുള്ള സെക്രട്ടറിയുടെ നീക്കമെന്നും അശോകൻ കുളനട പറഞ്ഞു. പന്തളത്തുനടന്ന ധർണയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബി.ജെ.പി. നഗരസഭാ സമിതി പ്രസിഡന്റ് ടി.രൂപേഷ് അധ്യക്ഷത വഹിച്ചു. സുമേഷ് കുമാർ അഡ്വ. പന്തളം പ്രതാപൻ, പ്രദീപ് കുമാർ സംസ്ഥാന സമിതിയംഗം അച്ചൻകുഞ്ഞ് ജോൺ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.ബി.ബിനുകുമാർ, പട്ടികജാതി മോർച്ച മണ്ഡലം ജന. സെക്രട്ടറി രജനീഷ് കുരമ്പാല, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

ആശങ്കയ്ക്ക് വകയില്ല

നിയമപരമായിത്തന്നെയാണ് നഗരസഭയുടെ ഭരണം മുന്നോട്ടു പോകുന്നത് എന്ന് നല്ല ഉറപ്പുള്ളതിനാൽ കൗൺസിൽ പിരിച്ചുവിടൽ, ഭരണ സ്തംഭനം എന്നീ ആശങ്കൾക്കൊന്നും ഒരു സാദ്ധ്യതയുമില്ല. ബജറ്റ് നയമപരമായിത്തന്നെ പാസാക്കിയത് ഭരണ, പ്രതിപക്ഷം ഒന്നിച്ചാണ്.

അതിനുശേഷം ഒരുതടസ്സവുമില്ലാതെ നഗരസഭാ ഭരണം നടന്നുവരുന്നുമുണ്ട്, കൗൺസിൽ ചേരുന്നതിനും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും ഒരു വിലക്കും ഇതുവരെ മുകളിൽ നിന്നും ഉണ്ടായിട്ടില്ല. പരാതികളുണ്ടെങ്കിൽ അതിനെ നിയമപരമായി നേരിടുകയെന്നതാണ് ഭരണസമിതിയുടെ തീരുമാനം.

സുശീലാ സന്തോഷ്,

നഗരസഭാ ചെയർ പേഴ്‌സൺ.