ലോക്കൽ കമ്മിറ്റികളിൽ 20 ഇടത്ത് പ്രവർത്തകർ വിട്ടുനിന്നു

എൻ.ശ്രീകുമാർ

കോഴഞ്ചേരി

: ആറന്മുള നിയമസഭാ മണ്ഡലത്തിലെ 267 പാർട്ടി അംഗങ്ങൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നതായി സി.പി.എം. ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ബ്രാഞ്ച് സമ്മേളനങ്ങൾ പലയിടത്തും ആരംഭിക്കാനിരിക്കേ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ റിപ്പോർട്ടിനെച്ചൊല്ലിയുള്ള ചർച്ചകൾ താഴേത്തട്ടിൽ പുരോഗമിക്കുകയാണെന്ന് അറിയുന്നു.

തുടർഭരണം ഉണ്ടാവില്ലെന്ന് കരുതിയാണ് പലരും പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നതെന്നും ഇത്തരക്കാരുടെ ആവശ്യങ്ങൾക്ക് കത്തുകൾ നൽകരുതെന്നും പലയിടത്തും ബ്രാഞ്ച് കമ്മിറ്റികൾക്ക് നിർദേശം നൽകിയതായും പറയുന്നു.

ഇരവിപേരൂർ, കോഴഞ്ചേരി, പന്തളം, പത്തനംതിട്ട ഏരിയാ കമ്മിറ്റികളുടെ കീഴിലുള്ള 22 ലോക്കൽ കമ്മിറ്റികളിൽ 20 ഇടത്ത് പാർട്ടി പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽനിന്ന് വിട്ടുനിന്നെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. തിരഞ്ഞെടുപ്പ് കാലത്ത് മൊബൈൽ ആപ്പിന്റെ സഹായത്തോടെ സി.പി.എം. പ്രവർത്തന അവലോകനം നടത്തിയിരുന്നു. ഇതിന് പുറമേ പ്രാദേശികമായി ശേഖരിച്ച വിവരവും ക്രോഡീകരിച്ചാണ് ഇത്രയും പാർട്ടി അംഗങ്ങൾ പ്രവർത്തനത്തിൽനിന്ന് വിട്ടുനിന്നതായി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.പദ്മകുമാറിന്റെ ചുമതലയിലുള്ള അവലോകന റിപ്പോർട്ട്.

കുമ്പഴ, കുളനട, ഇരവിപേരൂർ, വള്ളംകുളം എന്നിവിടങ്ങളിലാണ് ഏറ്റവുംകൂടുതൽ കേഡർമാർ വിട്ടുനിന്നത്. ഇരവിപേരൂർ 20, വള്ളംകുളം 24, കുമ്പനാട് 19, ഓതറ 16, പുല്ലാട് 25, ഇലവുംതിട്ട 16, മെഴുവേലി മൂന്ന്, കിടങ്ങന്നൂരിൽ ആറ്, മല്ലപ്പുഴശ്ശേരിയിൽ ഒമ്പത്, കോഴഞ്ചേരിയിൽ മൂന്ന്, തോട്ടപ്പുഴശ്ശേരി 16, നാരങ്ങാനം ഒമ്പത്, പ്രക്കാനം അഞ്ച്, ഓമല്ലൂർ 15, പത്തനംതിട്ട സൗത്ത് മൂന്ന്, പത്തനംതിട്ട നോർത്ത് 24, കുമ്പഴ 25, കുളനട 29 എന്നിങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിട്ടുനിന്ന പാർട്ടി അംഗങ്ങളുടെ കണക്ക്. കൂടാതെ ഇലന്തൂരിൽ രണ്ട് എൽ.സി. അംഗങ്ങൾ വിട്ടുനിന്നതായും മല്ലപ്പുഴശ്ശേരിയിൽ എൽ.സി. അംഗം സ്ലിപ്പ് വിതരണം ചെയ്തില്ലെന്നും ഈ വീഴ്ച സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.അനന്തഗോപന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ദിവസം കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവർത്തകർ സജീവമല്ലെന്ന് തിരഞ്ഞെടുപ്പ് സമയത്ത് വീണാ ജോർജ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. അന്ന്്് പാർട്ടി സംസ്ഥാന ഘടകം നേരിട്ടിറങ്ങിയാണ് പ്രശ്നം പരിഹരിച്ചത്.