കെ.ആർ.കെ.പ്രദീപ്

കോന്നി

: പ്രായം 75 കഴിഞ്ഞെങ്കിലും കേടായ ടൈപ്പ്‌റൈറ്റിങ്‌ മെഷീൻ കണ്ടാൽ തങ്കപ്പൻ മെക്കാനിക്കിന് അടങ്ങിയിരിക്കാൻ കഴിയില്ല. പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ റ്റൈപ്പ്‌റൈറ്ററുകൾ നന്നാക്കാൻ ഇദ്ദേഹം ഇപ്പോഴും യാത്രചെയ്യും. 40 വർഷമായി ഈരംഗത്ത് പ്രവർത്തിക്കുന്നു. റാന്നി തോട്ടമൺ സ്വദേശിയായ ഇദ്ദേഹം ടൈപ്പ്റൈറ്റിങ്‌ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്നു. 2018-ലെ വെള്ളപ്പൊക്കത്തിൽ വെള്ളം കയറി റാന്നിയിലെ പണിപ്പുരയിൽ സൂക്ഷിച്ചിരുന്ന ടൈപ്പ്‌റൈറ്റിങ്‌ മെഷീനുകൾ നശിച്ചുപോയി. മുൻപ് 10-ാംക്ലാസ് കഴിഞ്ഞാൽ മിക്ക കുട്ടികളും പഠിക്കാൻ പോകുന്ന കോഴ്‌സായിരുന്നു റ്റൈപ്പ്‌റൈറ്റിങ്‌. ഇതുകാരണം റ്റൈപ്പ്‌റൈറ്റിങ്‌ ഇൻസ്റ്റിറ്റ്യൂട്ടുകളും വ്യാപകമായുണ്ടായിരുന്നു.

കംപ്യൂട്ടറിന്റെ വരവോടെ റ്റൈപ്പ്‌റൈറ്റിങ്‌ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ആധിപത്യം കുറഞ്ഞെങ്കിലും ഇന്നും ജില്ലയിൽ ചുരുക്കം ചിലവ ഉണ്ട്.

കോന്നി മോഡേൺ റ്റൈപ്പ്‌റൈറ്റിങ്‌ ഇൻസ്റ്റിറ്റ്യൂട്ട്, അടൂർ ഗണേശ് ഇൻസ്റ്റിറ്റ്യൂട്ട്, പത്തനംതിട്ട അഞ്ജലി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഈരംഗത്ത് നിലവിലുണ്ട്. റ്റൈപ്പ്‌റൈറ്റിങ്ങിൽ താത്‌പര്യമുള്ളവർക്ക് പഠിക്കാനുള്ള സൗകര്യം ഈ സ്ഥാപനങ്ങളിലുണ്ട്. ജോലിയിൽ െപ്രാമോഷൻ ആഗ്രഹിക്കുന്നവരും ടൈപ്പ്‌റൈറ്റിങ്‌ പഠിക്കാൻ മുൻപന്തിയിലാണ്. ഈ മേഖല നേരിടുന്ന പ്രധാന പ്രശ്നം ടൈപ്പ്‌റൈറ്റിങ്‌ മെഷീനുകൾ കേരളത്തിൽ കിട്ടുന്നില്ല എന്നുള്ളതാണ്. രണ്ട് പ്രമുഖ കമ്പനിയായിരുന്നു ടൈപ്പ്‌റൈറ്റിങ്‌ മെഷീൻ വിതരണം ചെയ്തിരുന്നത്. അവരുടെ ഏജൻസി നിർത്തി. തമിഴ്‌നാട്ടിൽനിന്ന്‌ ബുക്കുചെയ്ത് മൂന്നുമാസം കാത്തിരുന്നാലേ പുതിയ മെഷീൻ കിട്ടൂ.