പത്തനംതിട്ട: നഗരത്തിലെ കായികപ്രതിഭകൾക്കും സ്പോർട്സിൽ തത്പരരായവർക്കും ‘മോഹിക്കാനുള്ള അവസരം’ എന്നും അധികൃതർ നൽകിയിരുന്നു. പക്ഷേ, അതൊക്കെ വ്യാമോഹമായിരുന്നുവെന്ന ധാരണയിലാണ് ഇപ്പോൾ ഇവരും. കായികമേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികൾ യഥാസമയം യാഥാർഥ്യമായിരുന്നെങ്കിൽ ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരത്തിൽനിന്ന്‌ മുേന്പ ആരവങ്ങൾ ഉയർന്നേനെ.

ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണത്തിന് തിരിതെളിച്ചത് കഴിഞ്ഞ വർഷം സെപ്റ്റംബർ 12-നായിരുന്നു. ആന്റോ ആന്റണി എം.പി.യായിരുന്നു ഉദ്ഘാടകൻ. രണ്ടുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹായത്തോടെ 16 കോടിയുടെ പദ്ധതിയാണ് നടപ്പാക്കാൻ ലക്ഷ്യമിട്ടത്. 5500 സ്ക്വയർ ഫീറ്റിലാണ് സ്റ്റേഡിയം ഉയരേണ്ടത്. മൂന്ന് ഏക്കർ സ്ഥലം സ്റ്റേഡിയം നിർമാണത്തിന് നഗരസഭ വിട്ടുനൽകി.

ഏറെനാളുകൾ കടന്നുപോയി. ചെറിയ തോതിലുള്ള പ്രവർത്തനം മാത്രമാണ് ആദ്യഘട്ടത്തിൽ നടത്തിയത്. ഇതിനിടെ രാഷ്ട്രീയ വിവാദവും കൊടുന്പിരിക്കൊണ്ടു. പദ്ധതിക്ക് എന്താണ് സംഭവിച്ചതെന്നത് വ്യക്തമാക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകുന്നുമില്ല.

നാല് വോളിബോൾ കോർട്ടുകൾ, രണ്ട് ബാസ്‌കറ്റ്‌ബോൾ കോർട്ടുകൾ, ആറ് ഷട്ടിൽ കോർട്ടുകൾ, വിസിറ്റേഴ്സ് ലോഞ്ച്, വിശ്രമമുറി, പവിലിയൻ, ഇൻഡോർ ഹാൾ, ഡ്രസിങ്‌ റൂം, കോൺഫറൻസ് ഹാൾ എന്നിവയായിരുന്നു നടപ്പാകേണ്ടത്. 5000 കാണികൾക്ക് ഇരിക്കാനുള്ള സൗകര്യം, 600 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സംവിധാനം തുടങ്ങിയവയും പദ്ധതിപ്രഖ്യാപനത്തിലെ മുഖ്യ ആകർഷണമായിരുന്നു.

രണ്ട് രാജ്യാന്തര മത്സരങ്ങൾ ഒരേ സമയം നടത്താനുള്ള സൗകര്യവും ഇൻഡോർ സ്േറ്റഡിയത്തിലുണ്ടാകുമെന്നും ഉദ്ഘാടന ചടങ്ങിൽ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം എന്ന് പ്രാവർത്തികമാകുമെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടുന്നില്ല.

(തുടരും)