അടൂർ : നഗരത്തിൽ സുരക്ഷയുടെകാര്യം വരുമ്പോൾ ചൂണ്ടിക്കാട്ടാൻ ഒന്നുമില്ലാത്ത അവസ്ഥയാണ്. അടുത്തിടെയായി അടൂരിൽ നിരവധി മോഷണങ്ങളാണ് നടന്നത്. ഇതിൽ പോലീസിന്റെ സമർഥമായ അന്വേഷണത്തിൽ പല മോഷണക്കേസിലെയും പ്രതികൾ പിടിയിലുമായി. പക്ഷേ, ഇതിന്‌ വേണ്ടിവന്നത് വലിയ ശ്രമകരമായ അന്വേഷണങ്ങളായിരുന്നു.

ഈ പ്രയാസത്തിന് പ്രധാനകാരണം നഗരത്തിൽ ക്യാമറകൾ ഇല്ലാത്തതാണ്. ചില വ്യാപാരസ്ഥാപനങ്ങളുടെ ക്യാമറകളാണ് ഇപ്പോഴത്തെ ഏക ആശ്രയം.

ഇതിൽ പലതും റെക്കോഡിങ് സംവിധാനം ഇല്ലാത്തതും. ആകെയുള്ള ആശ്രയം അടൂർ ജനമൈത്രി പോലീസ് കെ.എസ്.ആർ.ടി.സി. ജങ്ഷനിൽ സ്ഥാപിച്ച രണ്ട് ക്യാമറയാണ്.

ക്യാമറ ഉണ്ടെങ്കിൽ പ്രയാസം കുറവ്

നഗരത്തിൽ സുരക്ഷാക്യാമറകൾ സ്ഥാപിച്ചിരുന്നുവെങ്കിൽ ഒരുപരിധിവരെ മോഷണങ്ങളും മോഷണശ്രമങ്ങളും നടക്കില്ലായിരുന്നു. നഗരത്തിന്റെ പ്രധാന സ്ഥലങ്ങളിലെങ്കിലും ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടുത്തിടെ അടൂരിൽ നടന്ന ക്യാമറമോഷണത്തിലെ പ്രതികളെ കണ്ടെത്താൻ പോലീസ് അടൂർവിട്ട് മറ്റുപ്രദേശങ്ങളിലെ 400 ക്യാമറയാണ് പരിശോധിച്ചത്. കഴിഞ്ഞദിവസം നടന്ന മാല പിടിച്ചുപറിക്കേസിലെ പ്രതികളെ പിടിക്കാൻ 200 ക്യാമറ പരിശോധിക്കേണ്ടിവന്നു. നഗരത്തിൽ പൊതുസ്ഥലത്ത് എവിടെയെങ്കിലും ക്യാമറകൾ ഉണ്ടായിരുന്നുവെങ്കിൽ ഈ പ്രയാസം ഉണ്ടാകില്ലായിരുന്നുവെന്ന് പോലീസ്‌തന്നെ പറയുന്നു. പത്തനംതിട്ടയുടെ ജില്ലാ അതിർത്തിയായ പഴകുളം മേട്ടുപ്പുറം ഭാഗത്ത് ആലപ്പുഴ ജില്ലയിലെ നൂറനാട് പോലീസിന്റെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അപകടം നടത്തി കടന്നുകളയുന്ന വാഹനങ്ങൾ കണ്ടുപിടിക്കുന്നത് ഈ ക്യാമറകൾവച്ചാണ്. പക്ഷേ, ജില്ലയിലെതന്നെ തിരക്കുള്ള പ്രദേശങ്ങളിലൊന്നായ അടൂരിൽ ഇത്തരം സംവിധാനമില്ല.

സാമൂഹികവിരുദ്ധരുടെ താവളം

സന്ധ്യകഴിഞ്ഞാൽ സാമൂഹികവിരുദ്ധരുടെ താവളമാണ് അടൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡും പരിസരവും. ഇവിടത്തെ പ്രധാന പ്രശ്നം പ്രകാശിക്കാത്ത വഴിവിളക്കുകൾതന്നെയാണ്. ദൂരെസ്ഥലങ്ങളിൽനിന്ന് ജോലികഴിഞ്ഞുവരുന്ന സ്ത്രീകൾ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാന്റിൽ ഇറങ്ങി വീട്ടിലേക്കുള്ള ബസ് കാത്തുനിൽക്കുന്ന സ്ഥലമാണ് സ്റ്റാൻഡിന്റെ മുൻവശത്തെ റോഡ്. പക്ഷേ, ഇവിടം മുഴുവൻ ഇന്ന് ഇരുട്ടിലാണ്. ഇതിന്റെ മറവിൽ മദ്യപരുടെ ശല്യം വളരെയധികം ഉണ്ടാകാറുണ്ടെന്ന് സ്ത്രീകൾതന്നെ പറയുന്നു. ആകെയുള്ള ഒരു ഹൈമാസ്റ്റ് ലൈറ്റ് വല്ലപ്പോഴുംമാത്രമാണ് കത്തുന്നത്.