കുളനട : അച്ചൻകോവിലാറ്റിൽ ജലനിരപ്പ് താഴ്‌ന്നതോടെ പാടത്തുകയറിയ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും താഴ്‌ന്ന പറമ്പുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം കൃഷി അഴുകിപ്പോകാൻ കാരണമാകുന്നു. കുളനട പഞ്ചായത്തിലെ ഞെട്ടൂർ ഭാഗത്തുള്ള കർഷകരാണ് വെള്ളക്കെട്ടിന്റെ ബുദ്ധിമുട്ട് കൂടുതൽ അനുഭവിക്കുന്നത്. സമ്മിശ്ര കൃഷിചെയ്യുന്ന കർഷകരും ഏത്തവാഴയുൾപ്പെടെയുള്ള വാഴക്കൃഷി നടത്തുന്ന കർഷകരുമാണ് ഒരോ ചെറിയ വെള്ളപ്പൊക്കത്തിലും കൃഷിനാശത്താൽ വിഷമിക്കുന്നത്.

ഒരുചെറിയ മഴപെയ്താൽ കുപ്പണ്ണൂർ ചാലിനെയും അച്ചൻകോവിലാറിനെയും ബന്ധിപ്പിക്കുന്ന തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളം പറമ്പിലേക്ക് കയറും. കയറുന്ന വേഗത്തിൽ വെള്ളം ഇറങ്ങാതെയാകുമ്പോൾ വിളകൾ അഴുകിനശിക്കും. തോടിന്റെ കരയിലുള്ള കർഷകർക്കാണ് ഈ ദുർഗതി. ഒരുവർഷംതന്നെ പലതവണ ഇത്തരത്തിൽ കൃഷിനാശം ഉണ്ടാകുമ്പോൾ ഇവർ കൃഷിയിൽനിന്ന്‌ പിൻതിരിയാൻ ശ്രമിക്കുകയാണ്.

പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഇവരുടെ കൃഷി. നല്ല വളക്കൂറുള്ള മണ്ണായതിനാൽ വിളവും നന്നായി ലഭിക്കും. ഏത്തവാഴയും ചേന, ചേമ്പ്, കാച്ചിൽ, കപ്പ, ഇഞ്ചി തുടങ്ങിയവയുമുള്ള സമ്മിശ്രകൃഷി രീതിയാണ് കൂടുതൽ കർഷകർക്കുള്ളത്. എന്നാൽ, വില്പന മുൻനിർത്തിമാത്രം ഏത്തവാഴ കൃഷിചെയ്യുന്ന കർഷകരും ഇവിടെയുണ്ട്. രണ്ടായിരം മുതൽ 500വരെയാണ് ഒരോ കർഷകനും എല്ലാവർഷവും കൃഷിചെയ്യുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ഇവരുടെ കൃഷി വലിയ നഷ്ടത്തിലാണ്. 2021 മാർച്ചിലുണ്ടായ വലിയ കാറ്റ് കുലച്ചതും കുടംവന്നതുമായ ഏത്തവാഴകൾ ഒടിച്ചുകളഞ്ഞതിനുശേഷം മൂന്നാം തവണയാണ് കൃഷിയിടത്തിലേക്ക് തോട് കരകവിഞ്ഞ് വെള്ളംകയറിയത്.

തോട് സംരക്ഷിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും

കുളനട പഞ്ചായത്തിലെ ഞെട്ടൂർ പുല്ലുത്തറ ഭാഗത്തുകൂടി അച്ചൻകോവിലാറ്റിലേക്ക്‌ എത്തിച്ചേരുന്ന തോട് അരികുകെട്ടി സംരക്ഷിച്ചാൽ ചെറിയ വെള്ളപ്പൊക്കങ്ങളിൽനിന്ന് കർഷകർക്ക് രക്ഷനേടാനാകുമെന്ന് കർഷകനായ വിരുത്തേത്ത് കിഴക്കേതിൽ സോമരാജൻ പറയുന്നു. കുപ്പണ്ണൂർ പാടത്തെ കൃഷിയാവശ്യത്തിനായി വെട്ടിയതാണ് തോട്. പാടത്ത് മുഴുവൻ കൃഷിയുണ്ടായിരുന്ന കാലത്ത് തോട് കാടുവെട്ടിയും മണ്ണുകോരിയും സംരക്ഷിച്ചിരുന്നു. കൃഷിനിന്നതോടെ തോടും ആരും തിരിഞ്ഞുനോക്കാതെയായി.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന തോടിന്റെ ആലപ്പുഴ ജില്ലാ അതിർത്തി ഭാഗം സംരക്ഷണഭിത്തികെട്ടി നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും പത്തനംതിട്ട ജില്ലയുടെ ഭാഗമായ മറുകരയിൽ തീരംകെട്ടിയിട്ടില്ല. ഈ ഭാഗത്തുകൂടി ഒഴുക്ക് ശക്തമാകുന്നതോടെ തീരം കൂടുതൽ ഇടിഞ്ഞുപോകാൻ കാരണമാകും.

2018-ലെ പ്രളയത്തിലാണ് വെള്ളം കുത്തിയൊഴുകി തീരമിടിച്ചിൽ രൂക്ഷമായത്.