കലഞ്ഞൂർ : മിതമായ ചെലവിൽ വയർ നിറഞ്ഞ് കഴിക്കുന്നതിന് ഈ ജനകീയഹോട്ടൽതന്നെ ധാരാളം. 20 രൂപയ്ക്ക് തോരൻ, അവിയൽ, അച്ചാർ, മോര് ഉൾ​െപ്പടെയുള്ള ഊണ് ഗംഭീരംതന്നെയാണെന്ന്, സ്ഥിരമായി ഇവിടെ ആഹാരം കഴിക്കുന്ന വാഹനഡ്രൈവറായ കലഞ്ഞൂർ പുത്തൻവീട്ടിൽ പ്രകാശ് പറഞ്ഞു. കലഞ്ഞൂർ ജങ്ഷനിലാണ് കലഞ്ഞൂരിന്റെ സ്വന്തം ജനകീയഹോട്ടൽ. രണ്ട് കുടുംബശ്രീ വനിതകൾക്കാണ് ചുമതല. ഇവരെ സഹായിക്കുന്നതിനായി രണ്ട് വനിതകൾകൂടിയുണ്ട്. കലഞ്ഞൂരിലെ മിക്ക സർക്കാർ ഓഫീസുകളിലെയും ജീവനക്കാർ രാവിലെ എത്തിയാലുടൻ ഫോണിൽ വിളിച്ച് പാഴ്‌സൽ പറയും. അതിനാൽത്തന്നെ സ്ഥിരമായി എത്തുന്നവരുടെ കണക്കനുസരിച്ച് ഊണ് തയ്യാറാക്കുന്നതിന് സാധിക്കുമെന്ന് ചുമതലക്കാരിയായ രജനി പറഞ്ഞു. ആദ്യസമയങ്ങളിൽ ഊണ് മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ രാവിലെയും വൈകീട്ടും പൊറോട്ടയും അപ്പവും ദോശയും ചപ്പാത്തിയും ഇറച്ചിയും മീൻകറിയും ലഭ്യമാണ്. ആദ്യസമയത്ത് അഞ്ചുപേർക്കായിരുന്നു ചുമതല. ഇപ്പോൾ രജനിയും ജയകുമാരിയും ഒപ്പം സഹായികളായി ശ്യാമളയും ഉഷയുമുണ്ട്.