കുളനട : കനത്തമഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടനിലയിലായി. കുളനട കൈപ്പുഴ നോർത്ത് മഠത്തിൽ മേലേതിൽ കുഞ്ഞുമോന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് ചൊവ്വാഴ്ച രാത്രി സമീപത്തുള്ള പാണിൽ-രാമൻചിറ റോഡിലേക്ക് ഇടിഞ്ഞുവീണത്. കെ.എസ്.ടി.പി. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന പാണിൽ-രാമൻചിറ റോഡ് പണി നടന്നുവരുന്നതിനിടയിലാണ് സംരക്ഷണഭിത്തിയിടിഞ്ഞ് റോഡിലേക്ക് വീണത്. മുമ്പുണ്ടായ മണ്ണിടിച്ചിലിൽ സംരക്ഷണഭിത്തിയുടെ കുറേ ഭാഗം നിലംപൊത്തിയിരുന്നു. റോഡിൽനിന്ന്‌ വളരെ ഉയരത്തിലായതിനാൽ കല്ലുകെട്ടി ഉയർത്തുന്നത് ചെലവേറിയ കാര്യമാണ്. ഭിത്തികെട്ടി സംരക്ഷിച്ചില്ലെങ്കിൽ വീട് ഇടിഞ്ഞുപോകാനിടയാകും.