കൊടുമൺ : ഗ്രാമീണമേഖലയിലെ ഗതാഗതസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായുള്ള പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ നിർമിച്ച ഫാക്ടറിപ്പടി-പൊരിയക്കോട് റോഡ് തകർന്നു. പണി പൂർത്തിയായിട്ട് രണ്ടുവർഷമേ ആയിട്ടുള്ളൂ. 2.37 കി.മീ. ദൂരമുള്ള റോഡ് 1,71,68,624 രൂപ വിനിയോഗിച്ചാണ് പണിതത്. റോഡ് തകർന്ന് മുഴുവൻ കുഴികളുണ്ടായിട്ടുണ്ട്. സംരക്ഷണഭിത്തി പൂർണമായും തകർന്നു. റോഡ് പണിയുന്നതിനുമുമ്പ് ഈ റോഡിൽക്കൂടി സഞ്ചരിക്കുന്നതിനുണ്ടായിരുന്നതിനെക്കാൾ ബുദ്ധിമുട്ട് ഇപ്പോൾ അനുഭവപ്പെടുന്നെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന്റെ പണിയിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കരാറുകാരനെക്കൊണ്ട് റോഡ് നന്നാക്കിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.