ഇലവുംതിട്ട : കൊറോണക്കാലത്ത് കോവിഡ് രോഗികളെ പരിചരിക്കാൻ മനുഷ്യനിർമിത റോബോട്ട് രൂപകൽപ്പന ചെയ്ത് എൻജിനീയറിങ് വിദ്യാർഥികൾ. കോവിഡ് ബാധിച്ച ആളിന്റെ ശരീര താപനില അളക്കാനും കഴിക്കേണ്ട മരുന്ന് രോഗിക്ക്‌ എത്തിക്കാനും ഓട്ടോമാറ്റിക് സ്മാർട്ട് റോബോട്ട് എന്ന ഉപകരണം ഉപയോഗിക്കാമെന്ന് ഇവർ അവകാശപ്പെടുന്നു.

ഇലവുംതിട്ട ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ അവസാനവർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളാണ് ഈ യന്ത്രോപകരണം രൂപകൽപ്പന ചെയ്തത്.

ഓരോ രോഗിടെയും കിടക്കയ്ക്ക് സമീപത്തെത്തി മരുന്ന് വിതരണം നടത്താനും കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്താതെ ഓരോത്തർക്കും ആഹാരം എത്തിക്കാനും തങ്ങൾ നിർമിച്ച ഉപകരണത്തിന് സാധിക്കുമെന്ന് വിദ്യാർഥികൾ പറയുന്നു.

ശരീരതാപനില അളക്കാൻ കഴിയുന്ന ഉപകരണം യന്ത്രത്തിൽ ഘടിപ്പിച്ചിട്ടുള്ളതിനാൽ ഓരോ രോഗിയുടെയും ശരീരതാപനില എടുത്ത ശേഷം സ്മാർട്ട് ഫോണിലൂടെ നഴ്‌സിനോ ഡോക്ടർക്കോ റിസൽട്ട് എത്തിക്കാനും റോബോട്ടിന് സാധിക്കും. രോഗികളെ പരിചരിക്കൽ മാത്രമല്ല കോവിഡ് വാർഡിലെ മാലിന്യ ശേഖരണം നടത്താനും ഈ യന്ത്രമനുഷ്യന് കഴിവുണ്ട്.

ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന റോബോട്ടിനെ സ്മാർട്ട് ഫോൺ വഴി നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. റോബോട്ടിന്റെ നിയന്ത്രണം ഹോസ്പിറ്റൽ കൺട്രോളിങ്‌ സംവിധാനവുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നും വിദ്യാർഥികൾ പറയുന്നു. അനന്തു സന്തോഷ്, എ.അശ്വിൻ, എസ്.സൂരജ്, രാജേഷ് ആർ.കുറുപ്പ് എന്നീ വിദ്യാർഥികളാണ് യന്ത്രോപകരണം വികസിപ്പിച്ചത്. ഇവർക്ക് ആവശ്യമായ ഉപദേശങ്ങളും പിന്തുണയും നൽകി ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രൊഫസറായ സാംസൺ ജോർജും എച്ച്.ഒ.ഡി. കെ.വിനീതും ഒപ്പമുണ്ടായിരുന്നു.