ഇളമണ്ണൂർ : കെ.പി.റോഡിൽ ഇളമണ്ണൂരിലെ ജനകീയഹോട്ടൽ പെട്ടെന്നാണ് ഹിറ്റായത്. 20 രൂപയുടെ വിഭവസമൃദ്ധമായ ഊണും ഒപ്പം രാവിലെയും വൈകീട്ടും ചൂട് ആഹാരസാധനങ്ങളും റെഡിയാണ്. സമീപത്തുതന്നെ ഏറ്റവും തിരക്കേറിയ ബാങ്കും സ്കൂളും രജിസ്ട്രാർ ഓഫീസും ഒക്കെയുള്ളതിനാൽ ഇവിടെ ഊണിന് എപ്പോഴും തിരക്കുമാണ്. തോരനും അവിയലും മോരും രസവും സാമ്പാറും ഒക്കെക്കൂട്ടിയാണ് ഇവിടെ 20 രൂപയ്ക്ക്‌ ഊണ് നൽകുന്നത്.ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്ത്‌ ഒൻപതാംവാർഡിലെ ശ്രീനന്ദനം കുടുംബശ്രീയിലെ എ.ഡി.എസ്. സെക്രട്ടറി ഷേർളി ബൈജുവും ശ്രീലതയും യമുനയും ഷേർളിയുടെ ഭർത്താവ് ബൈജുവും ഒക്കെച്ചേർന്ന് സുഭിക്ഷമായാണ് ഇവിടെ ഭക്ഷണം നൽകുന്നത്.