തിരുവല്ല : ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ ശ്രീവല്ലഭക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വീശിയടിച്ച അതിശക്തമായ കാറ്റിൽ മതിൽഭാഗം ജങ്‌ഷനിലെ വ്യാപാര സമുച്ചയങ്ങളുടെ മുകളിലെ ഷീറ്റുകൊണ്ടുള്ള മേൽക്കൂര തകർന്നു. നാല് കടകളുടെ മുകൾഭാഗത്തെ ഷീറ്റുകളാണ് കാറ്റ് തകർത്തത്.

ഷീറ്റുകൾ ഉറപ്പിച്ചിരുന്ന കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന ഇരുമ്പുതൂണുകളും ഷീറ്റിനൊപ്പം അന്തരീക്ഷത്തിലേക്കുയർന്നു. വടക്കുദിശയിലേക്കാണ് കാറ്റ് വീശിയടിച്ചത്. കിഴക്കുഭാഗത്തുകൂടെ കടന്നുപോകുന്ന വൈദ്യുതി കമ്പികളിലേക്ക് ഷീറ്റുകളും, കോൺക്രീറ്റ് കാലുകളും വീഴാഞ്ഞത് വലിയ ദുരന്തം ഒഴിവായി. പ്രധാന പാതയും കിഴക്കുഭാഗത്തായാണ്.

ലോക്‌ഡൗൺ ആയതിനാൽ വ്യാപാരികളെല്ലാം കടകൾ നേരത്തെ അടച്ചിരുന്നു. ജങ്‌ഷനു സമീപം സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡും റോഡിലേക്ക് പതിച്ചു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഷീറ്റുകൾ വീണ്ടും പറന്നുപോകാതിരിക്കാനായി വടം ഉപയോഗിച്ച് കെട്ടി നിർത്തിയിരിക്കുകയാണ്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ രാഗവില്ലയിൽ ഗണേഷ്‌കുമാർ പറഞ്ഞു.