ചെന്നീർക്കര : വഴിവിളക്കുകൾ കണ്ണടച്ചത് മൂലം ചെന്നീർക്കര പഞ്ചായത്തിലെ പല പ്രദേശങ്ങളും കൂരിരുട്ടിലായി.

തണങ്ങാട്ടിൽ പടി, പമ്പുമല, മൂലേത്തുപടി, തഴയിൽ ട്രാൻസ്‌ഫോർമർ പടി റോഡ് എന്നിവിടങ്ങളിലെ ഭൂരിപക്ഷം പോസ്റ്റുകളിലും വഴിവിളക്കുകൾ പ്രകാശിക്കാതായിട്ട് മാസങ്ങളായി. വെളിച്ചമില്ലാത്ത പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യവും വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു. പമ്പുമല, മാവനാടിപ്പടി, മുണ്ടൻകാവനാൽ, വായനശാല കവല, കലാവേദി കലുങ്ക് പടി എന്നിവിടങ്ങളിലെ വീടുകളിൽ നിരവധി മോഷണ ശ്രമങ്ങൾ നടന്നതായി പരാതി ഉയർന്നിട്ടുണ്ട് .

ലോക് ഡൗണിന്റെ മറവിലിൽ ചെന്നീർക്കര മണലൊടിപ്പടിയിൽ സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമായതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം രാത്രി അപരിചിതനായ ഒരാൾ വീടിന്റെ പരിസരത്ത് നിൽക്കുന്നതായി പല വീട്ടുകാരും കണ്ടിരുന്നു. ഇതോടെ വളരെ വേഗം ഇയാൾ ഇരുട്ടിൽ ഓടി മറഞ്ഞു. നാട്ടുകാർ സംഘടിച്ച് ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. കോവിഡ് പ്രതിസന്ധി കാരണം പുതിയ കരാർ ഉറപ്പിക്കാൻ സാധിയ്ക്കാത്തതിനാലാണ് ലൈറ്റുകൾ മാറിയിടാൻ കാലതാമസം നേരിടുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.