തിരുവല്ല : മൂന്നര പതിറ്റാണ്ട് മുമ്പ് ചാലക്കുഴിക്കും സമീപഗ്രാമങ്ങൾക്കും വലിയ പ്രതീക്ഷ നൽകിയാണ് മിനി സ്റ്റേഡിയം യാഥാർഥ്യമായത്. ക്രമേണ വളർന്ന് മികച്ച നിലവാരമുളള സ്റ്റേഡിയമാകുമെന്നും അതുവഴി ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും പ്രതീക്ഷിച്ചവർക്ക് തെറ്റി.

പുല്ല് നിറഞ്ഞും വെള്ളം കെട്ടിയും ചാലക്കുഴി സ്റ്റേഡിയം കായികപ്രേമികളെ നോക്കി കൊഞ്ഞനം കുത്തുന്നു. സ്‌റ്റേഡിയത്തിന് ചുറ്റുമുണ്ടായിരുന്ന മതിലിന്റെ അവശിഷ്ടംപോലും ഇന്നില്ല. കുണ്ടും കുഴിയും നിറഞ്ഞ മൈതാനത്തിന്റെ പുല്ലുള്ള ഭാഗങ്ങളിൽ പശുക്കൾ മേയുന്നു. ബാക്കി വെള്ളക്കെട്ടും ചതുപ്പും. ഒരു പന്തുപോലും ഉരുളാതെ കാലങ്ങളായി സ്‌റ്റേഡിയം അനാഥമായിട്ട്.

പെരിങ്ങര ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ചാലക്കുഴി മിനി സ്റ്റേഡിയം. 1987-ൽ അന്നത്തെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി വി.ജെ. തങ്കപ്പനാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.

വ്യക്തിയുടെ കൈയിൽനിന്ന് വാങ്ങിയ 70 സെന്റിലാണ് മൈതാനം കെട്ടി ഉയർത്തിയത്. ഉദ്ഘാടനത്തിന് സ്ഥാപിച്ച ശിലാഫലകം ഇപ്പോഴും നിൽപ്പുണ്ട്.

മഴക്കാലത്തെ െവള്ളക്കെട്ടാണ് പ്രധാന പ്രശ്‌നം. വെള്ളം ഒഴുകിമാറാൻ മാർഗമില്ല. വേനലെത്തിയാൽ പുല്ല് വളർന്ന് നിറയും. സ്റ്റേഡിയത്തിന്റെ അരികിൽ വനിതാ ശിശുക്ഷേമ ഓഫീസ്, 2019-ൽ പണിത അങ്കണവാടി എന്നിവ ഉണ്ട്.

നാല് വർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി പണിത ഷട്ടിൽ കോർട്ടും ഉപയോഗ്യമല്ലാതായി. പെരിങ്ങര പഞ്ചായത്തിൽ പൊതു സ്റ്റേഡിയങ്ങൾ മറ്റെവിടയും ഇല്ല.