പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടറന്മാർക്കെതിരേ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന പ്രതികാര നടപടികൾ പ്രതിഷേധാർഹമാണെന്ന് കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി.

ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള സമീപനങ്ങളിൽ നിന്നും പിൻതിരിയണം. കടമ്പനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുഴിവേലിക്കെതിരേ കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് കൈക്കൊണ്ട ചട്ടവിരുദ്ധമായി നടപടിയിൽ നിന്നും പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകേണ്ടി വരുമെന്നും കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന ട്രഷറർ സിറാജുദീൻ വെള്ളാപ്പള്ളി, ജില്ലാ പ്രസിഡൻറ് ലിജുമോൻ ജേക്കബ്, ജില്ലാസെക്രട്ടറി ഷൈൻ എസ്. എന്നിവർ അറിയിച്ചു.