അടൂർ : കോൺഗ്രസിന്റെ പ്രാദേശിക ഒാഫീസ് തകർത്ത് ഒാഫീസിന്റെ ഭിത്തികളിൽ കരിഒായിൽ തേച്ചു. തട്ട-പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളിയിലുള്ള പ്രാദേശിക ഓഫീസാണ് തകർത്ത് ഭിത്തിയിൽ കരിഓയിൽ തേച്ചത്. ബുധനാഴ്ച അർധരാത്രിയിലാണ് സംഭവം.

ചൊവ്വാഴ്ചയും ഒഫീസിനുനേരെ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞദിവസത്തെ സംഭവം. സി.പി.എമ്മിന്റെ അറിവോടെ ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പ്രവർത്തകരാണ് കോൺഗ്രസ് ഒഫീസിനുനേരെ അതിക്രമം കാണിച്ചതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് മണ്ണടി പരമേശ്വരൻ ആരോപിച്ചു.

എന്നാൽ, കോൺഗ്രസ് ഓഫീസ് തകർത്ത സംഭവത്തിൽ സി.പി.എമ്മിനോ ഡി.വൈ.എഫ്.ഐ.യ്ക്കോ എസ്.എഫ്.ഐ.ക്കോ പങ്കില്ലെന്ന് സി.പി.എം. അടൂർ ഏരിയാ സെക്രട്ടറി എസ്.മനോജ് പറഞ്ഞു. കോൺഗ്രസിനുള്ളിൽ അടൂരിൽ നാളുകളായി നടന്നുവരുന്ന പടലപിണക്കങ്ങളുടെ ഭാഗമായി കോൺഗ്രസുകാർ തന്നെ ചെയ്തതാണ് ഇതെന്നും ഇക്കാര്യങ്ങൾ വ്യക്തമായി പോലീസ് അന്വേഷിക്കണമെന്നും മനോജ് ആവശ്യപ്പെട്ടു

അടൂരിൽ സംഘർഷം

അടൂരിൽ ഡി.വൈ.എഫ്.ഐ.-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസുകാരനുൾപ്പെടെ നിരവധിപേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് നഗരത്തിലാണ് സംഘർഷം അരേങ്ങറിയത്. ആനന്ദപ്പള്ളിയിലെ പാർട്ടി ഓഫീസ് തകർത്തതിനെതിരേ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയിലേക്ക് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്. ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കുനേരെ പോലീസ് ലാത്തിവീശി. ഇരുവിഭാഗത്തെയും പ്രവർത്തകർ തമ്മിൽ കല്ലേറും നടന്നു. ഒരുപോലീസുകാരനും കല്ലേറിൽ പരിക്കേറ്റു.

ആക്രമം ആസൂത്രിതം-പഴകുളം മധു

സംസ്ഥാന സർക്കാരിന്റെ അഴിമതി മറയ്ക്കാനും കെ-റെയിൽ സമരത്തിൽനിന്ന് ശ്രദ്ധതിരിക്കാനും സി.പി.എം. ആസൂത്രിതമായി ആക്രമം നടത്തുകയാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ആരോപിച്ചു. അടൂരിൽ തുടർച്ചയായ മൂന്നാംദിവസവും കോൺഗ്രസ് പ്രവർത്തകർക്കും ഓഫീസിനും നേരെ ആക്രമം നടത്തിയത് ഇതിന്റെ ഭാഗമായാണെന്നും പഴകുളം മധു പറഞ്ഞു.