അടൂർ : അല്പം മണ്ണ് തരുമോ... മരിച്ചാൽ അടക്കാനായി. അല്ലെങ്കിൽ ദഹിപ്പിക്കാനെങ്കിലും സൗകര്യം ഒരുക്കുമോ. മരണപ്പെടും മുൻപ് നഗരസഭയിലോ പഞ്ചായത്തുകളിലോ ഇത്തരം അപേക്ഷ കൊടുക്കേണ്ട അവസ്ഥയിലാണ് ഒരു വിഭാഗം ആളുകൾ.
ശവസംസ്കാരത്തിന് സ്ഥലമില്ലാത്തതാണ് ഇതിന് കാരണം. ഇത്തരം അപേക്ഷകൾ ലഭിച്ചാൽ തന്നെ അധികൃതർ സ്വീകരിക്കുകയുമില്ല. കാരണം ശവസംസ്കാരത്തിന് സൗകര്യമില്ലാത്തതുതന്നെ. നഗരസഭയിലോ സമീപത്തെ പഞ്ചായത്തുകളിലോ കാര്യക്ഷമമായ ഒരു ശ്മശാനം പോലുമില്ല.
ആകെയുള്ള ശ്മശാനം ഏറത്ത് ഗ്രാമപ്പഞ്ചായത്തിലാണ്.ഇത് ആധുനിക സംവിധാനമില്ലാത്തതാണ്. അടൂർ നഗരസഭയിലാണ് ശവസംസ്കാരത്തിന് ഏറ്റവും കൂടുതൽ പ്രയാസമനുഭവപ്പെടുന്നത്. നഗരസഭയ്ക്ക് ശ്മശാനത്തിനായി സ്ഥലമുണ്ടങ്കിലും വർഷങ്ങളായി തീരുമാനമാകാതെ കിടക്കുകയാണ്
ശ്മശാനമില്ലാത്ത അടൂർബജറ്റ് പ്രഹസനം
നഗരസഭയിലും പഞ്ചായത്തുകളിലും അത്യാധുനിക രീതിയിലുള്ള പൊതുശ്മശാനം ഇല്ലാത്തത് വളരെ ബുദ്ധിമുട്ടാണ്. മൂന്ന് സെന്റിനു താഴെ ഭൂമിയുള്ള കുടുംബങ്ങളാണ് ഇതിൽ ഏറെ ബുദ്ധിമുട്ടുന്നത്. നഗരസഭയിലെയും മിക്ക പഞ്ചായത്തുകളിലും എല്ലാ ബജറ്റിലും പൊതു ശ്മശാനം പ്രാവർത്തികമാകുമെന്ന സ്ഥിരം പല്ലവി മാത്രമാണ് ബാക്കി.
-രൂപേഷ് അടൂർ
അടിയന്തരമായി പരിഗണിക്കണം
ശവസംസ്കാരത്തിന് കൂടുതൽ ബുദ്ധിമുട്ടുന്നത് നഗരസഭാ പ്രദേശത്താണ്. ഇതിന് അടിയന്തരമായി പരിഹാരം കാണണം.
കൃഷ്ണൻകുട്ടി,അടൂർ.
ജില്ലയിൽ
ജില്ലയിൽ 53 പഞ്ചായത്തുകളിലായി 17 പരമ്പരാഗത ശ്മശാനങ്ങളാണ് ഉള്ളത്. 37 പഞ്ചായത്തുകളിൽ ശ്മശാനം പേരിനു പോലുമില്ലാത്ത അവസ്ഥയാണ്. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന രണ്ട് ശ്മശാനം മാത്രമാണ് ജില്ലയിലുള്ളത്. തിരുവല്ല, പത്തനംതിട്ട നഗരസഭകളിലാണ് ഇത് പ്രവർത്തിക്കുന്നത്.