സീതത്തോട് : വില്ലൂന്നിപ്പാറയിലെ കൃഷിയിടത്തിലുള്ള കിണറ്റിൽവീണ കാട്ടുപോത്തിനെ വനപാലകർ രക്ഷപ്പെടുത്തി കാട്ടിലേക്ക് തിരികെ വിട്ടു. വില്ലൂന്നിപ്പാറ മണിയൻപാറയിൽ കെ.സി.വാമദേവന്റെ കിണറ്റിലാണ് ബുധനാഴ്ച കാട്ടുപോത്ത് വീണുകിടക്കുന്നത് കണ്ടത്.
നാട്ടുകാർ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വനപാലകർ മണിക്കൂറുകൾ നടത്തിയ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ രക്ഷിക്കാനായത്. പോത്തിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വനപാലകരുടെ വിലയിരുത്തൽ. ആഴം കുറവായ കിണറായിരുന്നതിനാൽ വീഴ്ചയിൽ കാര്യമായ പരിക്കേറ്റിട്ടില്ല. കിണറിന്റെ ഒരുവശത്തെ മണ്ണിളക്കി പോത്തിന് കരകയറാൻ വഴിയൊരുക്കുകയായിരുന്നു.
തണ്ണിത്തോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.കെ.ഗോപകുമാർ, ബീറ്റ് ഓഫീസർമാരായ കെ.എസ്.ശ്രീരാജ്, വി.ഗോപകുമാർ, എം.ആർ.നാരായണൻകുട്ടി, ബി.ഡാലിയ, ടി.കൃഷ്ണപ്രിയ, അമൃത ശിവരാമൻ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കാട്ടുപോത്തിനെ രക്ഷപ്പെടുത്തിയത്.
വില്ലൂന്നിപ്പാറയിൽ കിണറ്റിൽവീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്താൻ വനപാലകർ ശ്രമിക്കുന്നു