കാളപൂട്ട്, കന്നുപൂട്ട് ഉത്സവം നടത്താം
ബില്ലോ, ഓർഡിനൻസോ പാസാക്കണമെന്ന് കർഷക സമിതി
ആനന്ദപ്പള്ളി : ആനന്ദപ്പള്ളിയിലെ ഉഴുതുമറിച്ച ഏലായിൽ ചുവടുകൾ പാകപ്പെടുത്തിയ ഉരുക്കളെ ഓടിക്കാൻ നിയമസഭയിൽ ശബ്ദമുയർന്നു. 2012 മുതൽ ആനന്ദപ്പള്ളി മരമടി മത്സരം നടത്തുന്നതിൽ കടുത്ത നിയന്ത്രണമാണുള്ളത്. ഇതുനീക്കാൻ ചിറ്റയം ഗോപകുമാർ എം.എൽ.എ.യാണ് ബുധനാഴ്ച നിയമസഭയിൽ സബ്‌മിഷൻ വഴി വിഷയം അവതരിപ്പിച്ചത്.
പക്ഷേ, മരമടി മത്സരം പുനരാരംഭിക്കാൻ പ്രത്യേക ബിൽ നിയമസഭയിൽ പാസാക്കിയിട്ടില്ല. വരുംദിവസങ്ങളിൽ പ്രത്യേക ഓർഡിനൻസ് പാസാക്കുമെന്ന പ്രതീക്ഷയിലാണ് ആനന്ദപ്പള്ളി കർഷക സമിതി. ജല്ലിക്കെട്ടുമായും മറ്റും ബന്ധപ്പെട്ടുണ്ടായ കേന്ദ്ര നിയമത്തിൽ മേലുള്ള അജ്ഞതയും അവ്യക്തതയും ചില ഉദ്യോഗസ്ഥർ മുതലെടുക്കുന്നു. ഇതിനാൽ മരമടി മത്സരത്തെ ഒതുക്കാൻ ബോധപൂർവം ശ്രമിക്കുന്നതായി എം.എൽ.എ. സബ്മിഷനിൽ സൂചിപ്പിച്ചു. മറുപടിയായി വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു കേരള സർക്കാർ ഭരണവകുപ്പിലെ സർക്കുലർ പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കാത്തനിലയിൽ കാളപൂട്ട്, കന്നുപൂട്ട് ഉത്സവം നടത്താമെന്ന് പറഞ്ഞു.
2015-ലെ സർക്കുലർ പ്രകാരം മത്സരം പ്രായോഗികമാക്കാമെന്നും മന്ത്രി പറഞ്ഞതായി എം.എൽ.എ. പറഞ്ഞു. രണ്ടാംതവണയാണ് മരമടി വിഷയത്തിൽ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുന്നത്. 2019 സെപ്റ്റംബർ ആദ്യവാരത്തിൽ മരമടി മത്സരം പുനരാരംഭിക്കണമെന്നുകാട്ടി മാതൃഭൂമി പരമ്പര ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ സബ്മിഷൻ നടപടികളിലേക്ക് കടന്നത്. ആനന്ദപ്പള്ളി കർഷക സമിതി അംഗങ്ങൾ, നാട്ടുകാർ എന്നിവർ മത്സരം ആരംഭിക്കണമെന്ന തരത്തിൽ പ്രതികരിച്ചിരുന്നു. ഇതിനു മറുപടിയായി കൃഷിമന്ത്രി വി.എസ്.സുനിൽ കുമാറും ചിറ്റയം ഗോപകുമാർ എം.എൽ.എ.യും മരമടി മത്സരം നടത്താൻ നീക്കം നടത്തുമെന്ന് അറിയിച്ചിരുന്നു.