മല്ലപ്പള്ളി : പ്രധാന റോഡുകളെല്ലാം 12 മീറ്റർ വീതിയാക്കി നവീകരിക്കുമ്പോൾ കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിലെ മല്ലപ്പള്ളി-പുല്ലാട് ഭാഗത്തിനുമാത്രം വികസനമില്ല. നിലവിലുള്ള ടാർ ഉപരിതലം അത്രയും തന്നെ വീതിയിൽ ബി.എം.ബി.സി. ആക്കി പണി മതിയാക്കുകയാണ് അധികൃതർ. മൂന്ന് കോടിയിലധികം രൂപ വിനിയോഗിക്കാതെ പാഴാകുമെന്നതാണ് നില.

ചെലവ് 10 കോടി

കേന്ദ്ര സർക്കാർ റോഡ് ഫണ്ടിൽനിന്ന് 13 കോടി രൂപ അനുവദിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു. പ്രൊഫ. പി.ജെ.കുര്യൻ രാജ്യസഭാ ഉപാധ്യക്ഷനായിരുന്നപ്പോൾ നൽകിയ നിവേദനം പരിഗണിച്ച് മന്ത്രി നിതിൻ ഗഡ്കരിയാണ് പദ്ധതിക്ക് അനുമതി നൽകിയത്. സംസ്ഥാന സർക്കാർ പൊതുമരാമത്തുവകുപ്പ് നാഷണൽ ഹൈവേ വിഭാഗത്തിനായിരുന്നു നിർമാണ ചുമതല. ബി.എം.ബി.സി. നിലവാരത്തിൽ നിർമിക്കുന്ന റോഡിന് ഒപ്പം കലുങ്കുകൾ, സംരക്ഷണഭിത്തി, ഇന്റർലോക്ക് കോൺക്രീറ്റ്, ഓടകൾ, ക്രാഷ് ബാരിയർ എന്നിവയും തീർക്കാനായിരുന്നു എസ്റ്റിമേറ്റ്.

11,71,93,023 രൂപ അടങ്കൽ തുക വരുന്ന ജോലി ഒൻപത് മാസം കൊണ്ട് തീർക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പണി ഇനിയും പൂർത്തിയായിട്ടില്ല. ചെലവ് പത്ത് കോടിയിൽ താഴെ മാത്രമേ വരുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാന പാതയുടെ കഞ്ഞിക്കുഴി-നെടുങ്ങാടപ്പള്ളി, പുല്ലാട്-കോഴഞ്ചേരി ഭാഗങ്ങൾ നവീകരിച്ചത് ആവശ്യത്തിന് വീതിയിൽ സ്ഥലം ഏറ്റെടുത്താണ്. നിലവിൽ പണിനടക്കുന്ന കവിയൂർ-ചങ്ങനാശ്ശേരി റോഡും 12 മീറ്റർ വീതിയാക്കാൻ സമീപവസ്തുക്കൾ വെട്ടിയെടുക്കുന്നു. എം.എൽ.എ. തലത്തിൽ യോഗം ചേർന്നാണ് കവിയൂർ റോഡിന് സ്ഥലമെടുത്തത്. ബജറ്റിൽ ഉൾപ്പെടുത്തി പ്രാഥമിക സർവേ പൂർത്തിയായ തിരുവല്ല-ചേലക്കൊമ്പ് റോഡും 12 മീറ്റർ വീതിയിലാണ് നിർമിക്കുക.

കുപ്പിക്കഴുത്ത്

കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിൽ മല്ലപ്പള്ളി ഹൈസ്കൂൾ കവലമുതൽ പുല്ലാട് വരെയുള്ള ഭാഗത്ത് ടാർ കഴിഞ്ഞാൽ ഇടമില്ലാത്തസ്ഥിതിയാണ് നിലവിലുള്ളത്. ഹൈസ്കൂൾ മുതൽ ചാലുങ്കൽ വരെയും പിന്നീട് പരുത്തിപ്പാലം മുതൽ വെണ്ണിക്കുളം വരെയും ഏഴ് മീറ്ററാണ് പലയിടത്തും. റോഡ് ഉപരിതലം മെച്ചപ്പെടുത്തിയതോടെ വാഹന വേഗം കൂടാനും അപകടം വർധിക്കാനും വീതിക്കുറവ് കാരണമായിട്ടുണ്ട്. ഒരുപ്രമണ്ണിൽ, പാറക്കടവ്, സമരമുക്ക്, നെയ്തേലിപ്പടി, കരിപ്പാച്ചേരി പടി, ചെട്ടിയാപറമ്പിൽ പടി തുടങ്ങിയ വളവുകൾ കെണിയായിക്കഴിഞ്ഞു. വെണ്ണിക്കുളത്തെയടക്കം പുതുക്കേണ്ട കലുങ്കുകളുമുണ്ട്. നടന്നുപോകാൻ ഇടമില്ലാത്ത കുപ്പിക്കഴുത്തായിരിക്കയാണ് ഈ സംസ്ഥാന പാത. വീതി വർധിപ്പിക്കാത്തതിനാൽ ഓടയും നടപ്പാതയും ഇല്ല.

കാത്ത് കവലകൾ

പണി കഴിഞ്ഞ് അധികമായ മൂന്ന് കോടി രൂപ ഉപയോഗിച്ച് കീഴ്വായ്പൂര്, വാലാങ്കര, പൂവത്തിളപ്പ്, വെണ്ണിക്കുളം, പാട്ടക്കാല, പുരയിടത്തിക്കാവ് തുടങ്ങിയ കവലകൾ വികസിപ്പിക്കണമെന്ന് നിർദേശമുയർന്നിരുന്നു. കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷൻ റോഡ് വശത്ത് സംരക്ഷണഭിത്തി നിർമിക്കുകയും ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് വഴിയുടെ വീതിവർധിപ്പിക്കുകയും വേണം. ആവശ്യമായ ഇടങ്ങളിൽ വസ്തു ഏറ്റെടുക്കുകയുമാവാം. ഇക്കാര്യമൊക്കെ പരിഗണിച്ച് പദ്ധതി തയ്യാറാക്കാൻ അധികൃതർ മെനക്കെടുന്നില്ല. നിർദേശം നൽകാൻ ജനപ്രതിനിധികളും തയ്യാറാകുന്നില്ല. കെട്ടിടം പണിക്കും പാലം നിർമാണത്തിനും വരെ പൊതുയോഗം വിളിച്ചുചേർത്തിട്ടും ജനകീയ സഹകരണം വേണ്ട റോഡ് നിർമാണത്തിന് ഇത്തരമൊരു കൂട്ടായ്മയ്ക്ക്‌ നീക്കവുമില്ല.