പന്തളം : കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പന്തളം തെക്കേക്കര പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു.

വിശകലനയോഗത്തിൽ നിയുക്ത എം.എൽ.എ. ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. എല്ലാ വാർഡുകളിലും ജാഗ്രതാസമിതികളുടെ പ്രവർത്തനം ശക്തമായി നടന്നുവരുന്നു. 50 വീടുകൾ ചേർന്നുള്ള ക്ലസ്റ്റർ രൂപവത്കരിച്ചു. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ടാക്‌സി, മൂന്ന് ഓട്ടോറിക്ഷ, ഒരിപ്പുറം ഗവൺമെൻറ് എൽ.പി.സ്‌കൂളിലെ ബസ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ആയുർവേദം, ഹോമിയോപ്പതി വകുപ്പുകളുടെ പ്രതിരോധ കിറ്റുകളും മരുന്നുകളും വിതരണം ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ, പഞ്ചായത്തംഗം വിദ്യാധരപണിക്കർ, മെഡിക്കൽ ഓഫീസർ ശ്യാമപ്രസാദ്, സെക്രട്ടറി അംബിക, ഹെൽത്ത് ഇൻസ്‌പെക്ടർ ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.