റാന്നി : കോവിഡ് സാഹചര്യം ജനകീയ സമരങ്ങളെ അവഗണിക്കാനുള്ള അവസരമായി സർക്കാർ ഉപയോഗിക്കരുതെന്ന് അരിപ്പ ഭൂസമര നായകൻ ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.

കൈവശഭൂമിക്ക് പട്ടയം ആവശ്യപ്പെട്ടും വനം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന പൊന്തൻപുഴ സമരത്തിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി ഓൺലൈനായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊന്തൻപുഴ സമരത്തോട് സർക്കാർ തുടരുന്ന അവഗണന അവസാനിപ്പിക്കണം. കേരളത്തിലെ ഇതര ജനകീയ സമരങ്ങളോട് കണ്ണിചേർന്നും ഗ്രാമസഭമുതൽ നിയമസഭവരെയുള്ള ജനാധിപത്യ സംവിധാനങ്ങൾ ഉപയോഗിച്ചും നിയമപരമായും അവകാശസമരം മുമ്പോട്ടുകൊണ്ടുപോകാൻ സെമിനാറിൽ നിർദേശം ഉണ്ടായി. ജെയിംസ് കണ്ണിമല അധ്യക്ഷത വഹിച്ചു.

ടി.എം.സത്യൻ, ബിജു വി. ജേക്കബ്, എസ്.രാധാമണി, എസ്.രാജീവൻ, ബിനു ബേബി, സന്തോഷ് പെരുമ്പെട്ടി തുടങ്ങിയവർ പ്രസംഗിച്ചു.