പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വോട്ടുചോർച്ചയുണ്ടായ അടൂരിലും റാന്നിയിലും മുന്നണിയുടെ അതീവശ്രദ്ധ അനിവാര്യമാണെന്ന് സി.പി.ഐ.യുടെ ജില്ലാതല അവലോകനത്തിൽ വിലയിരുത്തൽ.

സി.പി.ഐ. സ്ഥാനാർഥിയായി ചിറ്റയം ഗോപകുമാർ മത്സരിച്ച അടൂരിൽ മുൻതവണത്തേക്കാൾ ഭൂരിപക്ഷം വൻതോതിൽ ഇടിഞ്ഞിരുന്നു. ഇൗ സ്ഥിതിക്ക്‌ ഇടയാക്കിയത് ഏത് കാരണം കൊണ്ടായാലും വരാനിരിക്കുന്ന അപകടത്തിന്റെ മുന്നറിയിപ്പാണെന്നും കരുതൽ നടപടി കൈക്കൊള്ളണമെന്നും പാർട്ടിക്കുള്ളിൽ ആവശ്യമുയർന്നിട്ടുണ്ട്.

അടൂരിൽ യു.ഡി.എഫിന്റെ സ്ഥാനാർഥിക്ക് അനുകൂലമായി സാമുദായിക ധ്രുവീകരണം ഉരുത്തിരിഞ്ഞുവെന്നും ആദ്യമേ സി.പി.ഐ. വിലയിരുത്തിയിരുന്നു.

മികച്ച ഭൂരിപക്ഷം കിട്ടുമെന്ന് കരുതിയിരുന്ന പഞ്ചായത്തുകളിലും പ്രതീക്ഷിച്ച നേട്ടംകൊയ്യാനായില്ല. സംസ്ഥാനമാകെ ഇടതുതരംഗം അലയടിച്ചിട്ടും അടൂരിൽ അതിന്റെ പ്രതിഫലനമുണ്ടായില്ല. 2016-ൽ എൽ.ഡി.എഫ്. നേടിയ 25,460 വോട്ടിന്റെ ഭൂരിപക്ഷം 2,919 വോട്ടായാണ് കുറഞ്ഞത്.

ശബരിമല വിഷയത്തിന്റെ പ്രഭാവം നിലനിന്ന വേളയിൽനടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും അടൂർ മണ്ഡലത്തിൽ എൽ.ഡി.എഫ്. വോട്ടുകളിൽ ചോർച്ചയുണ്ടായിരുന്നില്ല. ആ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുമുന്നണിക്ക് മുൻതൂക്കം ലഭിച്ച ഏകമണ്ഡലവും അടൂരായിരുന്നു. ഇൗ അടിത്തറയ്ക്ക് കോട്ടംതട്ടുന്നതരത്തിലുള്ള സ്ഥിതിയുണ്ടായത് ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് പാർട്ടിനേതാക്കളും വ്യക്തമാക്കി. സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവംഗം കെ.ആർ.ചന്ദ്രമോഹന്റെ സാന്നിധ്യത്തിലാണ് അവലോകനയോഗം ചേർന്നത്.

ജില്ലയിലെ അഞ്ചുമണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് അവലോകനം നടത്തി. റാന്നിയിൽ മുൻ തവണത്തേക്കാളും ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടായതും പരാമർശിക്കപ്പെട്ടു. സി.പി.എം. മത്സരിച്ചിരുന്ന റാന്നി സീറ്റ് ഇക്കുറി കേരള കോൺഗ്രസിന് കൈമാറിയിരുന്നു.

പുതുമുഖ സ്ഥാനാർഥിയായി പ്രമോദ് നാരായൺ എത്തിയപ്പോൾ, പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ചിലയിടത്ത് ആശയക്കുഴപ്പം നിലനിന്നു. പ്രചാരണം അവസാന ലാപ്പിലേക്കെത്തുംമുന്പ് ഈ വിടവ് നികത്തി ശക്തമായി എൽ.ഡി.എഫ്. രംഗത്തിറങ്ങിയത് നിർണായകമായെന്നും നിരീക്ഷണമുണ്ട്.

സാമുദായിക ധ്രുവീകരണത്തിനുള്ള യു.ഡി.എഫിന്റെ കൗശലം ഇടതുസ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറച്ചെങ്കിലും ഇൗ നീക്കം യു.ഡി.എഫിന് പ്രഹരം ഏൽപ്പിച്ചതിന്റെ തെളിവാണ് റാന്നിയിലെ ജനവിധിയെന്നും സി.പി.ഐ. നേതാക്കളിൽ ചിലർ ചൂണ്ടിക്കാട്ടി. 2016-ൽ എൽ.ഡി.എഫിനായി മത്സരിച്ച സി.പി.എമ്മിലെ രാജു ഏബ്രഹാം 14,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇത്തവണ ഇടതുസ്ഥാനാർഥി പ്രമോദ് നാരായൺ ജയിച്ചത് 1,285 വോട്ടിനാണ്.