പന്തളം : വീട്ടുചെലവ് കഴിഞ്ഞ് അത്യാവശ്യം പണം ശേഖരിച്ചുവെച്ച് കയറിക്കിടക്കാൻ ഒരു വീട് തട്ടിക്കൂട്ടുന്നതിനിടയിലാണ് കോവിഡ് കണക്കുകൂട്ടലുകൾ തകർത്ത് കടന്നുവന്നത്.
ലോക്ഡൗണും പിന്നീട് തുറന്നപ്പോഴുണ്ടായ നിയന്ത്രണങ്ങളും ആളുകളുടെ ഭയപ്പാടുമെല്ലാം ജീവിതം മാറ്റി മറിച്ചു. മറ്റ് തൊഴിൽ പഠിച്ചിട്ടില്ലാത്തതിനാൽ അറിയാവുന്ന ഹോട്ടൽ ജോലി തന്നെ തുടരുകയാണ്. കോവിഡിനെ ഭയന്ന് തളർന്ന് വീട്ടിലിരുന്നാൽ വീട്ടുചെലവിനുതന്നെ ബുദ്ധിമുട്ടാകുമെന്ന തോന്നലാണ് അതിജീവനത്തിന്റെ വഴിതേടി പന്തളം മങ്ങാരം മനുഭവനിൽ ഗീതയും മകൻ മനീഷും കട തുറന്ന് കച്ചവടം തുടരാൻ തീരുമാനിച്ചത്.
പഴയതുപോലെ രാവിലെമുതൽ കട തുറക്കാറില്ല. വൈകുന്നരമാണ് തുറക്കുന്നത് ഹോട്ടൽ തുറക്കുമ്പോൾ കൊണ്ടുപോകാനുള്ള കറികൾവെയ്ക്കുന്ന തിരക്കിലാണ് പകൽ മുഴുവൻ ഇവർ. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി തേടിയാണ് ഇവരുടെ രാത്രി ഹോട്ടലിൽ ആളുകളെത്തുന്നത്. കോവിഡിന് മുമ്പ് രാത്രി 12 മണിവരെ ആളുകൾ ഭക്ഷണം പാഴ്സൽ വാങ്ങാനും കഴിക്കാനും എത്തിയിരുന്നു. എന്നാൽ, ലോക്‌ഡൗണിനുശേഷം കട തുറന്നപ്പോൾമുതൽ കച്ചവടം നാലിലൊന്നായി കുറഞ്ഞു.
ആളുകൾ കുറവായതിനാൽ ഗീത കടയിലേക്ക് വരാറില്ല. മനീഷും ഒരു ജീവനക്കാരനും ചേർന്നാണ് കച്ചവടം. എല്ലാ മേഖലയിലും പൊതുവേ മാന്ദ്യമായതിനാൽ അറിയാവുന്ന തൊഴിൽകൊണ്ട് ജീവിതം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വസമാണ് മനീഷിനും ഗീതയ്ക്കും.
ഹോട്ടൽ ജോലികൾ ചെയ്ത് കുടുംബം പുലർത്തിയിരുന്ന ഭർത്താവ് മണിയനാണ് ഗീതയെയും മക്കളെയും ഹോട്ടൽ മേഖലയിലേക്ക് നയിച്ചത്.
മണിയൻ മരിച്ചശേഷവും ഇവർ പഠിച്ച തൊഴിൽ ചെയ്ത് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. പണം സമ്പാദിക്കാനല്ല, കിട്ടുന്ന കാശ് സ്വരുക്കൂട്ടി വീട് പണി പൂർത്തിയാക്കണം. അടുപ്പത്തുവെച്ച ഭക്ഷണം ഇളക്കുന്നതിനിടയിൽ മനീഷ് പറഞ്ഞു.