മല്ലപ്പള്ളി : പരിമിതികളുടെ നടുവിലാണ് എഴുമറ്റൂർ. വർഷങ്ങളായി രോഗശയ്യയിൽ കഴിയുന്ന സർക്കാർ ആശുപത്രി, എങ്ങുമെത്താത്ത കുടിവെള്ള പദ്ധതി, രണ്ട് ബസ് കയറി എത്തേണ്ട ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ. ഇങ്ങനെ തീരാത്ത ദുരിതങ്ങളാണ് നാടിന്. പുറമേ യാത്രാക്ലേശം കൂടിയാകുമ്പോൾ എല്ലാം പൂർണമാകും.

അനാഥമായി ആശുപത്രി

അനാഥത്വത്തിന്റെ നിഴലിലാണ് എഴുമറ്റൂരിലെ സർക്കാർ ആതുരാലയം. കാട് കയറിക്കിടക്കുന്ന ഒരേക്കറോളം സ്ഥലവും അതിലെ ചിതലെടുത്ത കെട്ടിടങ്ങളും അവഗണനയുടെ സാക്ഷ്യപത്രമാണ്. 24 കിടക്കകളുള്ള വാർഡ്, ശസ്ത്രക്രിയ, പോസ്റ്റ്മോർട്ടം, ലാബുകൾ എന്നീ സൗകര്യങ്ങൾക്ക് പുറമേ ഗർഭിണികളുടെയും കുട്ടികളുടെയും വിഭാഗവും ഉണ്ടായിരുന്നു. ഓതറ, തെള്ളിയൂർ, പുറമറ്റം പി.എച്ച്.സി.കൾ ഇതിന്റെ കീഴിലായിരുന്നു. എല്ലാം ആശുപത്രിയുടെ നല്ല കാലത്ത്.

ദേശീയ ഗ്രാമീണ ആരോഗ്യദൗത്യ പദ്ധതിയിൽ കെട്ടിടം നിർമിക്കാൻ എട്ട് ലക്ഷം രൂപ 2001-ൽ അനുവദിച്ചതാണ്. പക്ഷേ രാഷ്ട്രീയ വടംവലിക്കിടയിൽ തുക നഷ്ടമായി. ഒരു വർഷത്തിനുള്ളിൽ പുതിയ കെട്ടിടം പണിയാമെന്ന വാക്ക് നൽകിയാണ് ജില്ലാ പഞ്ചായത്ത് പട്ടികജാതി വികസന ഫണ്ടിൽ നിർമിച്ച വൃദ്ധസദനത്തിലേക്ക് നാല് വർഷം മുൻപ് ആശുപത്രിയുടെ പ്രവർത്തനം മാറ്റിയത്. അതോടെ ശ്രദ്ധിക്കാനാരുമില്ലാതെ വാർധക്യം കഴിച്ചുകൂട്ടുന്ന ഒറ്റപ്പെട്ടവരുടെ സ്ഥിതിയായി ഈ ആതുരാലയത്തിനും. അടുത്തുള്ള പഞ്ചായത്തുകളിലെ ആശുപത്രികൾ ആർദ്രം പദ്ധതിയിൽ കോടികൾ ചെലവഴിച്ച് വികസിപ്പിക്കുമ്പോഴും എഴുമറ്റൂർ അവഗണിക്കപ്പെടുകയാണ്.

സ്ഥിരമായി ജലക്ഷാമം

മഴപെയ്തിട്ടും കുടിവെള്ളക്ഷാമത്തിൽ എഴുമറ്റൂർ പഞ്ചായത്ത് വലയുന്നു. മണിമലയാറ്റിലെ പടുതോട് കടവിലുള്ള വാട്ടർ അതോറിറ്റി കിണറ്റിൽനിന്ന് പമ്പ് ചെയ്യുന്ന ജലം നാലിലൊന്ന് ഭാഗത്തുപോലും എത്തുന്നില്ല. പഞ്ചായത്തിലെ ഒന്ന്, മൂന്ന്, ആറ്, ഏഴ്, എട്ട് വാർഡുകളിൽ പൈപ്പ് ലൈനുകളേയില്ല. പലയിടത്തും ടാങ്കർ ലോറികളിലാണ് വർഷം മുഴുവൻ വെള്ളമെത്തിക്കുന്നത്.

അരനൂറ്റാണ്ടായ കുടിവെള്ളപദ്ധതി

കാരമല വാട്ടർ ടാങ്ക് അടക്കമുള്ള എഴുമറ്റൂർ ജലപദ്ധതി 1972-ൽ തുടക്കമിട്ടതാണ്. വീടുകൾ മൂന്ന് ഇരട്ടിയായിട്ടും പുതിയ പദ്ധതിക്ക് നീക്കമില്ല. ജലശുദ്ധീകരണപ്ലാന്റ് സഹിതമുള്ള വൻ പ്രോജക്ടുകൾ മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ, കല്ലൂപ്പാറ പഞ്ചായത്തുകളിൽ നടപ്പാക്കുന്നുണ്ട്. ഇവയെല്ലാം മണിമലയാറിന്റെ സാമീപ്യമുള്ള സ്ഥലങ്ങളുമാണ്. എന്നാൽ നദിയൊഴുകാത്ത എഴുമറ്റൂരിലെ ജലക്ഷാമം പരിഹരിക്കാൻ സാധ്യമാകുന്ന വലിയ പദ്ധതിയെക്കുറിച്ച് ആലോചിക്കാൻ പോലും നീക്കമില്ലെന്നാണ് പരാതി.

വലഞ്ഞ യാത്ര

ഏഴുമറ്റൂരിലെ പഞ്ചായത്ത് ഓഫീസ് തെള്ളിയൂരാണ്. വെണ്ണിക്കുളത്ത് ചെന്ന് ബസ് മാറിക്കയറിയാലേ ഇവിടെ ചെല്ലാൻ കഴിയൂ. എഴുമറ്റൂരിൽനിന്ന് വെണ്ണിക്കുളത്തിന് രാവിലെ 8.45-ന് ഒരു കെ.എസ്.ആർ.ടി.സി.ബസും 10-ന് സ്വകാര്യ ബസും മാത്രമാണുള്ളത്. കൃഷിഭവൻ പ്രവർത്തിക്കുന്നത് വാളക്കുഴിയാണ്. മറ്റ് സ്ഥലങ്ങളിൽനിന്ന് ഇവിടെയെത്താനും ബുദ്ധിമുട്ടാണ്. പച്ചക്കറി വിത്ത് ഏറ്റുവാങ്ങാൻ 200 രൂപ ഓട്ടോക്കൂലി നൽകേണ്ട ഗതികേടാണിവിടെ. എഴുമറ്റൂരിലും തെള്ളിയൂരിലും കൃഷി ഓഫീസ് ഏതാനും ദിവസം പ്രവർത്തിക്കുന്ന തരത്തിൽ ക്രമീകരണം ഉണ്ടാക്കിയാൽ സൗകര്യമാകും.

വേണം, രണ്ട് പഞ്ചായത്ത്

വിസ്തൃതമായ നാടിനെ വിഭജിച്ച് രണ്ട് പഞ്ചായത്തുകൾ ആക്കാൻ ഏറെ നാളായി നാട്ടുകാർ ആവശ്യപ്പെടുന്നു. എഴുമറ്റൂരും തെള്ളിയൂരും ആയി വേർതിരിക്കാം. സമീപ പഞ്ചായത്തുകളിലെ അടുത്ത സ്ഥലങ്ങൾകൂടി ഉൾപ്പെടുത്താവുന്നതുമാണ്.