മല്ലപ്പള്ളി : പഞ്ചകോലങ്ങൾ കളം നിറഞ്ഞു. എഴുമറ്റൂർ പനമറ്റത്തുകാവ് പടയണി ഇനി അഞ്ചാം രാവിലേക്ക്.

ഞായറാഴ്ച രാത്രി തപ്പുമേളം കഴിഞ്ഞാണ് കോലങ്ങൾ ചൂട്ടുകറ്റവെളിച്ചത്തിൽ എത്തിയത്.

പിശാച്, യക്ഷി, പക്ഷി, മാടൻ, മറുത എന്നിവ അനുഗ്രഹം ചൊരിഞ്ഞുമടങ്ങി.

അടവിക്കാഴ്ച ഇന്ന്

ഭഗവതിയെ സ്തുതിക്കുന്ന ദീപകൊട്ടോടെയാണ് തിങ്കളാഴ്ച അടവി നാളിലെ പടയണി തുടങ്ങുക. തപ്പുമേളവും പുലവൃത്തവും കഴിഞ്ഞ് കോലങ്ങൾ കാപ്പൊലിച്ചെത്തും. തെങ്ങിൻപൂക്കുല തുളച്ചുകയറ്റിയ പാലക്കുറ്റി ഉപയോഗിച്ച് കരിക്കുകൾ അടിച്ചുടയ്ക്കുന്ന പള്ളിപ്പാന വെളുപ്പിന് അഞ്ചിന് നടക്കും. തുടർന്ന് ക്ഷേത്രമുറ്റത്ത് വനപ്രതീതി തീർത്ത് മരങ്ങൾ നിറയ്ക്കുന്ന അടവി അരങ്ങേറും. പൂപ്പടയോടെയാണ് ചടങ്ങുകൾ പൂർണമാകുക.