റാന്നി : ചടങ്ങുകൾ ഗംഭീരം. പൂപ്പന്തലിന് അതിലേറെ ഭംഗി, വിഭവസമൃദ്ധമായ സദ്യയും. ഒന്നിനും ഒരു കുറവുവന്നില്ല. പാർവതീദേവിക്കു മുമ്പിൽ ആതിര വിവാഹിതയായപ്പോൾ പരുവ ക്ഷേത്രഭരണസമിതിക്കിത് അഭിമാന നിമിഷങ്ങളായിരുന്നു. ആദിവാസി യുവതി ആതിരയെ വരൻ വിശാഖിന്റെ കൈകളിലേൽപ്പിക്കുമ്പോൾ കാരണവസ്ഥാനത്ത് പരുവക്ഷേത്രഭരണസമിതി ഭാരവാഹികളുമുണ്ടായിരുന്നു.

പരുവ താന്നിമൂട്ടിൽ ദാമോദരന്റെ മകൾ ആതിരയാണ് ക്ഷേത്രത്തിലെ ദേവീ നടയിൽ ഞായറാഴ്ച രാവിലെ 11.30-നും 12-നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ വിവാഹിതയായത്. പള്ളക്കത്തോട് പാക്കാലയിൽ വിജയന്റെ മകൻ വിശാഖാണ് ആതിരയുടെ കഴുത്തിൽ താലിചാർത്തിയത്.

വിവാഹമെല്ലാം ഒത്തുവന്നെങ്കിലും ധനസ്ഥിതിയിൽ ആശങ്കപ്പെട്ട ദാമോദരൻ ഈ വിഷമം ക്ഷേത്രഭരണസമിതിയംഗങ്ങളിൽ ചിലരുമായി നേരത്തെ പങ്കിട്ടു. ധൈര്യമായി മുന്നോട്ടുനീങ്ങിക്കൊള്ളാൻ ഭരണസമിതി ദാമോദരനെ അറിയിച്ചു. വധുവിന്റെ ഭാഗത്തെ ചെലവുകൾ ഭരണസമിതി വഹിക്കാമെന്ന് ഉറപ്പുനൽകി.

അങ്ങനെയാണ് വിവാഹം മംഗളമായി നടന്നത്. നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന ഭരണസമിതി സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഈ സത്കർമ്മവും മറ്റൊന്നും ആലോചിക്കാതെ ഏറ്റെടുക്കുകയായിരുന്നുവെന്ന് സമിതി പ്രസിഡന്റ് സോനു എസ്.കൊട്ടാരത്തിൽ, സെക്രട്ടറി മനോജ്കുമാർ എന്നിവർ പറഞ്ഞു.

ക്ഷേത്രത്തിൽ ഒരിക്കൽ സപ്താഹയജ്ഞഭാഗമായി രുക്മിണി സ്വയംവര ചടങ്ങ് നടന്നപ്പോൾ ഭരണസമിതി ഒരു വിവാഹം നടത്തിക്കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് യാഥാർഥ്യമായതിന്റെ സന്തോഷം കൂടിയായിരുന്നു അവർക്ക്. വിവാഹശേഷം സദ്യ ആരംഭിക്കുന്നതിന് മുമ്പായി സമീപമുള്ള മേഴ്‌സി ഹോമിലെ അന്തേവാസികൾക്കും സദ്യ എത്തിച്ചുനൽകി.