കലഞ്ഞൂർ : കലകളെയും കലാകാരന്മാരെയും സ്വീകരിച്ച കലഞ്ഞൂർ പ്ലാസ്ഥാനത്ത് മഠത്തിന് കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിന്റെ ആദ്യ യോഗം നടന്ന സ്ഥലം എന്ന പെരുമ കൂടിയുണ്ട്.

1953-ൽ ഗ്രാമപ്പഞ്ചായത്ത് രൂപവത്കരിച്ചപ്പോൾ പഞ്ചായത്തിന് സ്വന്തമായി കെട്ടിടമില്ലായിരുന്നു. പ്ലാസ്ഥാനത്ത് മഠത്തിൽനിന്നുള്ള രാമരു രാമരു പോറ്റിയായിരുന്നു അന്ന് ആദ്യ പഞ്ചായത്ത് പ്രസിഡന്റും. അതിനാൽ തന്നെ ആദ്യയോഗം കൂടുന്നതിന് നിശ്ചയിച്ച സ്ഥലവും മഠത്തിലെ പഠിപ്പുര തന്നെയായിരുന്നു.

തുടർന്ന് അവിടെനിന്ന് കൂടൽ കുഞ്ഞിരാമൻ വൈദ്യർ വക കെട്ടിടത്തിലേക്കും അവിടെനിന്ന് കൂടൽ അരീക്കര കെട്ടിടത്തിലേക്കും പിന്നീട് കലഞ്ഞൂർ എൻ.എസ്.എസ്. വക കെട്ടിടത്തിലുമായിട്ടായിരുന്നു പഞ്ചായത്തിന്റെ അന്നത്തെ പ്രവർത്തനം. പിന്നീട് പ്ലാസ്ഥാനത്ത് മഠത്തിൽനിന്ന് നൽകിയ സ്ഥലത്തായി 1954-ലാണ് പഞ്ചായത്തിന് സ്വന്തമായിട്ടുള്ള കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. ക്ലാർക്ക്, പ്യൂൺ, സ്വീപ്പർ എന്നിങ്ങനെ മൂന്ന് പേരുമായിട്ടാണ് പഞ്ചായത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.

എം.കെ.നാരായണൻ, ഇടിച്ചാണ്ടി മുതലാളി, എം.എൻ.ഗോപാലൻനായർ, പി.ടി.ജോർജ, കെ.എൻ.കേശവപിള്ള, കുഞ്ഞിരാമൻ വൈദ്യൻ, കളത്തൂർ കൃഷ്ണൻനായർ എന്നിവരായിരുന്നു ആദ്യ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ.