പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ മുന്നണികളിൽ പൂർണ ധാരണയിലെത്തിയില്ല. ദിവസങ്ങളായി നേതൃത്വങ്ങൾ നടത്തിവരുന്ന മാരത്തോൺ ചർച്ച ചൊവ്വാഴ്ചയും തുടർന്നു. രണ്ടു ദിവസത്തിനകം ത്രിതല പഞ്ചായത്തുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് എൽ.ഡി.എഫ്., യു.ഡി.എഫ് നേതൃത്വങ്ങൾ അവകാശപ്പെട്ടു.

സ്ഥാനാർത്ഥി നിർണയത്തിനുള്ള കോൺഗ്രസ് സ്ക്രീനിങ് സമിതി ബുധനാഴ്ച യോഗം ചേരുന്നുണ്ട്. ഘട്ടംഘട്ടമായായിരിക്കും യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപനം. ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജനത്തിൽ യു.ഡി.എഫിൽ ഏകദേശ ധാരണ രൂപപ്പെട്ടിട്ടുണ്ട്. 16 ഡിവിഷനുകളിൽ കോൺഗ്രസ് 14 സീറ്റുകളിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് സീറ്റുകളിലും എന്നതാണ് ചർച്ച ചെയ്യപ്പെടുന്നത്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പല സ്ഥലങ്ങളിലും സീറ്റ് വിഭജനത്തിൽ യു.ഡി.എഫിൽ ധാരണയായിട്ടില്ല. എൽ.ഡി.എഫിൽ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ജില്ലാ പഞ്ചായത്തിലെയും നഗരസഭകളിലെയും കാര്യത്തിൽ എൽ.ഡിഎഫിൽ തീരുമാനമായിട്ടില്ല.

ചൊവ്വാഴ്ച എൽ.ഡി.എഫ്. യോഗം ചേർന്നിരുന്നു. ഇതിൽ ഉയർന്നിട്ടുള്ള നിർദേശങ്ങൾ അതത് പാർട്ടി നേതൃത്വങ്ങൾ ചർച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം. ബ്ലോക്ക് പഞ്ചായത്തുകളിലെ സീറ്റുകൾ സംബന്ധിച്ച് എൽ.ഡി.എഫിൽ ധാരണയായതായി എൽ.ഡി.എഫ്. ജില്ലാ കൺവീനർ അലക്സ് കണ്ണമല പറഞ്ഞു. എൻ.ഡി.എ.യിലും പൂർണമായ പട്ടികയായിട്ടില്ല. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ധാരണ രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ മറ്റ് തലങ്ങളിൽ ബി.ജെ.പി.യും ബി.ഡി.ജെ.എസും തമ്മിൽ ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.