കോന്നി: കോന്നി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലുണ്ടായ രാഷ്ട്രീയമാറ്റം പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ സ്വാധിനിക്കുമോ എന്നതാണ് അറിയേണ്ടത്.

1965മുതൽ 91വരെ കോന്നി മണ്ഡലം കോൺഗ്രസ്, കമ്യൂണിസ്റ്റ്‌ പ്രതിനിധികളെ ജയിപ്പിച്ചിട്ടുണ്ട്. 1996മുതൽ 2019-ൽ രാജിവെച്ചൊഴിയുന്നതുവരെ കോൺഗ്രസിലെ അടൂർ പ്രകാശ് ആയിരുന്നു എം.എൽ.എ. ആ വർഷം ഒക്ടോബറിൽനടന്ന ഉപതിരഞ്ഞെടുപ്പിൽ കെ.യു.ജനീഷ് കുമാറിലൂടെ ഇടതുപക്ഷം തിരിച്ചുപിടിച്ചു. നിലവിൽ 11 പഞ്ചായത്തുകളിൽ ആറെണ്ണം യു.ഡി.എഫ്. പക്ഷത്തും അഞ്ചെണ്ണം ഇടതുപക്ഷത്തുമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ നാല്‌ പഞ്ചായത്തുകളിൽ ബി.ജെ.പി. ഒന്നാമതെത്തി. ഈ സമവാക്യങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ എങ്ങിനെ പ്രതിഫലിക്കുമെന്നാണ് അറിയേണ്ടത്.

കോന്നി

യു.ഡി.എഫും എൽ.ഡി.എഫും ഭരിച്ചിട്ടുള്ള പഞ്ചായത്താണിത്. കഴിഞ്ഞ 10 വർഷമായി യു.ഡി.എഫ്. ആണ് ഭരിക്കുന്നത്. ഒരുവർഷം മുമ്പ്‌ ഏലിയറക്കൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സീറ്റ്‌ കോൺഗ്രസ്‌ പിടിച്ചെടുത്തു. ബി.ജെ.പി.ക്ക് മുമ്പ്‌ ഇവിടെ പഞ്ചായത്തംഗം ഉണ്ടായിട്ടുണ്ട്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് യു.ഡി.എഫും അധികാരത്തിൽ മടങ്ങിവരാൻ എൽ.ഡി.എഫും കരുക്കൾ നീക്കുന്നു. ഇത്തവണ അക്കൗണ്ട് തുറക്കാനുള്ള പുറപ്പാടിലാണ് ബി.ജെ.പി. പ്രസിഡന്റു‌സ്ഥാനം വനിതാ സംവരണം ആയതോടെ ജനറൽ സീറ്റുകളിൽ മത്സരിക്കാൻ കൂടുതൽ സ്ത്രീകൾ ഉണ്ടാകും.

അരുവാപ്പുലം

വർഷമായി യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്താണ്. ഭരണത്തുടർച്ചയാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്. തോട്ടംമേഖലയും തമിഴ് വോട്ടർമാരുള്ള കല്ലേലിയും കൊക്കാത്തോടും ഉൾപ്പെടുന്നതാണ് പഞ്ചായത്ത്‌. എൽ.ഡി.എഫ്. പഞ്ചായത്ത്‌ ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ്. അംഗങ്ങളുടെ എണ്ണം കൂടുതലാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

കലഞ്ഞൂർ

ഇടതുപക്ഷത്തിന് എന്നും മുൻതൂക്കമുള്ള പഞ്ചായത്താണിത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വൻ മുന്നേറ്റം നടത്തി. 20 വാർഡുകളാണുള്ളത്. വിജയം ആവർത്തിക്കാൻ ഇടതുപക്ഷവും ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസും ഒരുപോലെ കളത്തിലുണ്ട്.

ഏനാദിമംഗലം

യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി ഭരിച്ചിട്ടുള്ള പഞ്ചായത്താണ്. കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്. തന്ത്രങ്ങൾ മെനയുന്നു. ഭരണത്തുടർച്ചയാണ് എൽ.ഡി.എഫ്. ലക്ഷ്യം. ബി.ജെ.പി. കൂടുതൽ പ്രതിനിധികളെ എത്തിക്കാനുള്ള നീക്കത്തിലാണ്.

വള്ളിക്കോട്

യു.ഡി.എഫ്. ഭരണം 10 വർഷമായി തുടരുന്ന പഞ്ചായത്താണിത് ഇത്തവണയും അധികാരത്തിലെത്താനുള്ള ശ്രമത്തിലാണിവർ. ഭരണമാറ്റമാണ് ഇടതുപക്ഷ ലക്ഷ്യം. ശക്തമായ വേരോട്ടം ബി.ജെ.പി.ക്ക് പഞ്ചായത്തിലുണ്ട്.

പ്രമാടം

പഞ്ചായത്ത്‌ രൂപവത്കരിച്ചനാൾമുതൽ കോൺഗ്രസും യു.ഡി.എഫുമാണ് ഭരിച്ചിട്ടുള്ളത്. ഓരോ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം നില മെച്ചപെടുത്തുന്നുണ്ട്. ബി.ജെ.പി.ക്ക് വോട്ടുബാങ്കുകളുള്ള പ്രദേശങ്ങളുമുണ്ട്. യു.ഡി.എഫ്. മേൽക്കൈ നിലനിർത്താനുള്ള നീക്കത്തിലാണ്.

മൈലപ്ര

യു.ഡി.എഫ്. തുടർച്ചയായി ഭരണത്തിലുള്ള പഞ്ചായത്താണ്. കേരള കോൺഗ്രസ്‌ ജോസഫ്, ആർ.എസ്.പി. എന്നീ കക്ഷികൾക്കും സ്വാധീനമുണ്ട്. ഇടതുമുന്നണിക്ക് ഇവിടെ സ്ഥിരം വാർഡുകളുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ പ്രാതിനിധ്യം കൂട്ടാനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി.

മലയാലപ്പുഴ

തുടർച്ചയായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്താണ്.അത് നിലനിർത്താനാണ് ഇടതുകേന്ദ്രങ്ങളുടെ ശ്രമം. ബി.ജെ.പി.ക്ക് വേരോട്ടമുള്ള പഞ്ചായത്താണിത്. യു.ഡി.എഫ്. ഇത്തവണ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

തണ്ണിത്തോട്

മലയോരമേഖലയായ തണ്ണിത്തോട് പഞ്ചായത്തിൽ യു.ഡി.എഫ്.ഉം എൽ.ഡി.എഫും മാറിമാറി ഭരിച്ചിട്ടുണ്ട്. ഇപ്പോൾ യു.ഡി.എഫ്. ഭരണമാണ്. ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളാണ് എൽ.ഡി.എഫ്. നടത്തുന്നത്. ബി.ജെ.പി. ഇത്തവണ അക്കൗണ്ട് തുറക്കാനുള്ള പരിശ്രമത്തിലാണ്.

ചിറ്റാർ

യു.ഡി.എഫും എൽ.ഡി.എഫും പഞ്ചായത്തിൽ ഭരണം നടത്തിയിട്ടുണ്ട്. മലയോര കർഷകരുടെ പട്ടയപ്രശ്നം ചർച്ചചെയ്യുന്ന പഞ്ചായത്താണ്. എൽ.ഡി.എഫ്. ആണ് ഇപ്പോൾ ഭരിക്കുന്നത്. ഭരണം നിലനിർത്താനാണ് എൽ.ഡി.എഫിന്റെ ശ്രമം. യു.ഡി.എഫ്. ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ്. ബി.ജെ.പി.ക്ക് ശക്തമായ സംഘടനാ ബലം പഞ്ചായത്തിലുണ്ട്.

സീതത്തോട്

തിരഞ്ഞെടുപ്പ് പ്രചാരണം തമിഴിലും നടത്തേണ്ട പ്രദേശങ്ങൾ പഞ്ചായത്തിലുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ ഗവിയും ശബരിഗിരി പദ്ധതിയും ഉൾപ്പെട്ടതാണ് പഞ്ചായത്ത്‌. കുടിയേറ്റ കർഷകരുടെ അടിസ്ഥാന വിഷയങ്ങൾ ചർച്ചചെയ്യുന്ന പഞ്ചായത്ത് ദീർഘകാലമായി ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നു. അത് നിലനിർത്താൻ ഇടതുപക്ഷം ലക്ഷ്യമിടുന്നു. യു.ഡി.എഫും ബി.ജെ.പി.യും അട്ടിമറിവിജയമാണ് പ്രതീക്ഷിക്കുന്നത്.