കലഞ്ഞൂർ : ശക്തമായ കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ സഹായവുമായി സന്നദ്ധ സംഘടനകളുടെ പ്രവർത്തനം തുടരുന്നു. വ്യാഴാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റ് കലഞ്ഞൂർ, കൂടൽ പ്രദേശങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. അറുപത്തിയഞ്ച് വീടുകൾ മരം വീണ് തകർന്നിരുന്നു.

ഇരുന്നൂറിലധികം സ്ഥലങ്ങളിൽ മരങ്ങൾ പിഴുത് വീണ് വൈദ്യുതിലൈനുകൾ നശിച്ചു. ഈ പ്രദേശങ്ങളിലെല്ലാം കോവിഡ് മഹാമാരിയുടെ നിയന്ത്രണത്തിലും യുവജന കൂട്ടായ്മകളാണ് സഹായവുമായി ഓടിയെത്തിയത്. ദുരന്തമുണ്ടായി നാല് ദിവസം കഴിയുമ്പോഴും പകുതിയിലധികം സ്ഥലത്തെ മരങ്ങൾ പോലും നീക്കം ചെയ്യുന്നതിന് സാധിച്ചിട്ടില്ല. കലഞ്ഞൂർ മേഖലയിലെ പ്രദേശങ്ങളിൽ സേവാഭാരതിയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നത്. വീടുകൾക്ക് മുകളിൽ കിടക്കുന്ന മരങ്ങൾ മുറിച്ച് മാറ്റി വീട് താമസയോഗ്യമാക്കിയതിന് ശേഷമാണ് ഇവർ അടുത്തിടങ്ങളിലേക്ക് നീങ്ങുന്നത്. കൂടൽ മേഖലയിൽ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കുകയും ചെയ്തു.

വൈദ്യുതി പുനഃസ്ഥാപിക്കാൻ വലിയ ശ്രമം

കലഞ്ഞൂർ വൈദ്യുതി സെക്ഷന് പരിധിയിലുള്ള പല പ്രദേശങ്ങളും ഇപ്പോഴും ഇരുട്ടിലാണ്. നൂറിലധികം വൈദ്യുത പോസ്റ്റുകളാണ് കാറ്റിൽ ഒടിഞ്ഞത്. അതിനൊപ്പം വലിയ രീതിയിൽ വൈദ്യുതി ലൈനുകൾ എല്ലാസ്ഥലത്തും തകർന്നിട്ടുമുണ്ട്.

ഇരുന്നൂറിലധികം ജീവനക്കാരും കരാർ തൊഴിലാളികളും ചേർന്നാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള പണികൾ നടത്തുന്നത്. തോട്ടം മേഖലയായതിനാൽ റബ്ബർ മരങ്ങൾ മിക്കയിടത്തും വൈദ്യുതി പോസ്റ്റുകൾ ഒടിച്ചാണ് വീണിട്ടുള്ളത്. ചൊവ്വാഴ്ചയോടെ പൂർണതോതിൽ വൈദ്യുതി നൽകാൻ കഴിയുന്ന തരത്തിലാണ് പണികൾ നടക്കുന്നത്.

വ്യാപാര സ്ഥാപനങ്ങൾക്കും നഷ്ടം

വൈദ്യുതി ഇല്ലാതായതോടെ വ്യാപാര സ്ഥാപനങ്ങൾക്കും വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പാൽ, ഐസ്‌ക്രീം, മത്സ്യം, മറ്റ് ഭക്ഷണ സാധനങ്ങൾ എന്നിവയുൾപ്പടെ നശിച്ചിട്ടുണ്ട്. മാത്രമല്ല വിൽപ്പനയ്ക്കായി സാധനങ്ങൾ എടുത്ത് െവയ്ക്കുന്നതിനും സാധിക്കുന്നില്ല.