പള്ളിക്കൽ : എന്നും രാവിലെ കണ്ണുംതിരുമ്മി വാതിൽതുറന്ന് റോഡിലേക്ക് ഒന്നു നോക്കും. ടാറിന്റെ ഒരംശമെങ്കിലും റോഡിൽ വീണിട്ടുണ്ടോ എന്നറിയാൻ. ഇതാണ് വി.എം.സി. ജങ്ഷൻ മുതൽ പഴകുളം വരെയുള്ള റോഡരികിലെ താമസക്കാരുടെ ഇന്നത്തെ അവസ്ഥ. 2019-ൽ ആരംഭിച്ചതാണ് ബി.എം.ആൻഡ്.ബി.സി. നിലവാരത്തിൽ നിർമിക്കുന്ന ആനയടി-കൂടൽ റോഡ്. പക്ഷേ ഇതുവരെയും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. റോഡിലെ പണിക്ക് ഒരു കുറവും ഇതുവരെ സംഭവിച്ചിട്ടില്ല. എന്നും മുറതെറ്റാതെ രാവിലെ എന്തെങ്കിലുമൊക്കെ പണികൾ നടക്കുന്നുണ്ട്. പക്ഷേ ഇനിയും റോഡിൽ ടാർ വീഴാൻ ഇനി എത്രനാൾ കാത്തിരിക്കണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. റോഡ് ഉയർത്തുന്നതിന്റെ ഭാഗമായി മണ്ണിട്ടഭാഗം മുഴുവൻ ഇപ്പോഴത്തെ മഴയിൽ കുണ്ടും കുഴിയുമായി. നിലവിൽ ഇതുവഴിയുള്ള വാഹനയാത്ര അത്ര സുഖകരമല്ലെന്ന് വാഹനയാത്രികർ പറയുന്നു. കഴിഞ്ഞ മഴക്കാലത്തും റോഡ് ചെളിവെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടിരുന്നു.

ആധുനികം എന്ന് കേൾക്കുമ്പോൾ

ആധുനിക നിലവാരം എന്നു കേൾക്കുമ്പോൾ തന്നെ ഇന്ന് പേടിക്കുന്ന അവസ്ഥ.

പക്ഷേ, ആദ്യമായി പള്ളിക്കൽ പഞ്ചായത്തിൽ ആധുനിക രീതിയിൽ നിർമിച്ച ജർമൻ റോഡിന് ഈ പഴി കേൾക്കേണ്ടി വന്നില്ല എന്നത് സത്യം. അതാണ് 35.109 കിലോമീറ്റർ ദൂരത്തിൽ 109 കോടി െചലവിട്ട് ആനയടി കൂടൽ റോഡ് നിർമിക്കുന്ന പദ്ധതി വന്നപ്പോൾ നാട്ടുകാർ സന്തോഷിച്ചത്. ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. റോഡിലെ പൊടിശല്യം കാരണം പല വീടുകളുടെ മുമ്പിലും ടാർപ്പോളിനും നെറ്റുകളും കെട്ടിയിരിക്കുകയാണ് ഇപ്പോൾ. റോഡിലൂടെ നടക്കാൻ കാൽനടയാത്രക്കാരും മടിക്കുന്നു.വേഗത്തിലാക്കണം

റോഡുപണി വേഗത്തിലാക്കണം. റോഡിന്റെ ദുരവസ്ഥ കാരണം വാഹനങ്ങൾ കടന്നുപോകാൻ ഏറെ പ്രയാസപ്പെടുകയാണ്. അധികൃതർ എത്രയും വേഗം പ്രശ്നത്തിൽ ഇടപെടണം.

-രാജേന്ദ്രകുറുപ്പ്

പഴകുളംഒറ്റഘട്ടമാക്കണം

പല ഘട്ടങ്ങളിലായിട്ടാണ് ഇപ്പോൾ റോഡുപണി നടന്നത്. ഇതാണ് പണി വൈകാൻ കാരണം. ടാറിങ് പണികളെങ്കിലും ഒറ്റഘട്ടമായി ചെയ്യണം. ഇല്ലെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും.

-കമറുദ്ദീൻ മുണ്ടുതറയിൽ

പഴകുളം.