പത്തനംതിട്ട : ജില്ലയിൽ ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കോവിഡ് ബാധിക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം സർക്കാർ-സ്വകാര്യ മേഖലകളിൽ നിന്നായി മേയ് മൂന്നുമുതൽ ഒൻപതുവരെയുള്ള ഏഴ് ദിവസത്തിനുള്ളിൽ 95 പേർക്കാണ് കോവിഡ് ബാധിച്ചത്.

നാല് ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്-44, ആശാവർക്കർ-5 ഗ്രേഡ് 2-12, ടെക്നീഷ്യൻസ്-3 ഡയറ്റീഷ്യൻ-1 ഫാർമസിസ്റ്റ്-4 എച്ച്.െഎ.-1, ജെ.എച്ച്.െഎ.-2, ജെ.പി.എച്ച്.എൻ-2 ലാബ്ടെക്-12, നഴ്സിങ് അസിസ്റ്റന്റ്-1, സൈക്കോ തെറാപ്പിസ്റ്റ്-1 സ്റ്റോർകീപ്പർ-1, ഒപ്‌റ്റോമെട്രിസ്ററ്-1 എന്നിവരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

രോഗബാധിതരുൾപ്പെടുന്ന അന്തരീക്ഷവുമായി കൂടുതൽ നേരം ഇടപെടുന്നതിനാലാണ് ആരോഗ്യപ്രവർത്തകർക്കും രോഗംവരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കോവിഡ് മുന്നണിപ്രവർത്തകരെന്ന നിലയിൽ വാക്സിൻ രണ്ട് ഡോസ് എടുത്തവരായതിനാൽ മിക്കവരിലും രോഗം ഗുരുതരമാകുന്നില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ജോലിഭാരം വർധിച്ചു

ഇവർ അവധിയിലായതോടെ ബാക്കിയുള്ള ആരോഗ്യപ്രവർത്തകർക്ക് ഇപ്പോൾ ജോലിഭാരം കൂടി. അതിനൊടൊപ്പം ദിനംപ്രതി ആയിരത്തിലധികം കേസുകൾ കൂടി റിപ്പോർട്ട് ചെയ്യുന്നതും ആരോഗ്യപ്രവർത്തകരെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.

ജില്ലയിൽ സർക്കാർ മെഡിക്കൽ കോളേജ് ഇല്ലാത്തതിനാൽ ഗുരുതരാവസ്ഥയിൽ ഉള്ള കോവിഡ് രോഗികൾ ചികിത്സക്കായി ആശ്രയിക്കുന്നത് കോഴഞ്ചേരി ജില്ലാ ആശുപത്രിയെയും, പത്തനംതിട്ട ജനറൽ ആശുപത്രിയെയുമാണ്. രണ്ടിടത്തും ഓരോ ദിവസവും രോഗികൾ വന്നുകൊണ്ടിരിക്കുകയാണ്.

മാത്രമല്ല വീടുകളിൽ ചികിത്സയിൽ കഴിയുന്നവരിൽ രോഗം മൂർച്ഛിക്കുന്നവരെ നേരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകുന്നുമുണ്ട്. ഇതോടെ എണ്ണത്തിൽ കുറവുള്ള ഇവിടുത്തെ ഡോക്ടർമാരുടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം താങ്ങാവുന്നതിനും അപ്പുറമായി.

ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം

കോവിഡ് രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാർ ഉൾപ്പടെ ഉള്ള ആരോഗ്യ പ്രവർത്തകരുടെ അപര്യാപ്തത കോവിഡ് ചികിത്സയെ കാര്യമായി ബാധിക്കുന്നുണ്ട്. ഓരോ ദിവസവും ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും കൂടുന്നുണ്ട്.

ഈ സാഹചര്യത്തിൽ ഒഴിവുകൾ നികത്തുന്നതിനും താത്‌കാലികമായി ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരെ കണ്ടെത്തി നിയമിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സർക്കാർ മേഖലയിൽ ആകെയുള്ളത് 1543 ആരോഗ്യപ്രവർത്തകർ

: ജില്ലയിലെ സർക്കാർ മേഖലയിൽ റഗുലർ, എൻ.എച്ച്.എം. കോവിഡ് ബ്രിഗേഡ്, എച്ച്.എം.സി.കളിലായി ആകെ 1543 ആരോഗ്യപ്രവർത്തകരാണുള്ളത്. കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി മൂന്ന് ഫിസിഷ്യൻമാരുടെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒരു അനസ്തെടിസ്റ്റിന്റെയും ഒഴിവ് ഇപ്പോഴും നികത്തിയിട്ടില്ല.