സുനിത്ത്കുമാർ

പത്തനംതിട്ട

: ശബരിമലയിൽ ദേവസ്വം ബോർഡും വനംവകുപ്പും തമ്മിലുള്ള ഭൂമിതർക്കത്തെ തുടർന്ന് നടത്തിയ സർവേയിൽ തർക്കമുണ്ടായ സ്ഥലങ്ങൾ വീണ്ടും അളന്നുതിട്ടപ്പെടുത്തും. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ എ.എസ്.പി. കുറുപ്പിന്റെ നേതൃത്വത്തിലുള്ള സർവേ ടീമാണ് സ്ഥലങ്ങൾ വീണ്ടും അളക്കുന്നത്. 14-ന് സന്നിധാനത്തെത്തുന്ന സംഘം രണ്ടുദിവസത്തോളം സർവേ നടത്തും.

ഹൈക്കോടതിയിൽനിന്നു നിയോഗിച്ചിരിക്കുന്ന ടീമിനൊപ്പം, റവന്യൂ, വനംവകുപ്പ്, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഉണ്ടാകും. സർവേ പൂർത്തിയാക്കി തൊട്ടടുത്ത പ്രവൃത്തിദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അഭിഭാഷക കമ്മിഷൻ എ.എസ്.പി. കുറുപ്പ് പറഞ്ഞു.

ആദ്യഘട്ടത്തിൽ സന്നിധാനത്ത് നടത്തിയ സർവേയിൽ, ദേവസ്വം ബോർഡിന്റെ പക്കൽ ഇപ്പോഴുള്ള സ്ഥലങ്ങളിൽ ചിലത് വനംവകുപ്പിന്റെയും, വനംവകുപ്പിന്റെ സ്ഥലങ്ങളിൽ ചിലത് ദേവസ്വം ബോർഡിന്റെയും അതിർത്തിയിലേക്ക് കയറിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പുതിയ അളവുപ്രകാരം വനംവകുപ്പിന്റെ ബംഗ്ലാവ്, ഗസ്റ്റ് ഹൗസ് എന്നിവ ദേവസ്വം ഭൂമിയിലും ദേവസ്വത്തിന്റെ ചില കെട്ടിടങ്ങൾ വനംവകുപ്പിന്റെ ഭൂമിയിലുമാണ്. ഇത് പരസ്പര ധാരണയോടെ കൈമാറണമെന്നും കമ്മിഷൻ കോടതിയിൽ പറഞ്ഞിരുന്നു.

റീസർവേയ്ക്ക് കാരണം വനംവകുപ്പിന്റെ എതിർപ്പ്

പരസ്പര ധാരണയോടെ സ്ഥലങ്ങൾ കൈമാറണമെന്ന് അഭിഭാഷക കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിനെ ഹൈക്കോടതിയിൽ തുടക്കംമുതലേ വനംവകുപ്പ് എതിർത്തിരുന്നു. ദേവസ്വം ബോർഡിന് 94 ഏക്കർ ഭൂമിയുണ്ടെന്നുള്ള അഭിഭാഷക കമ്മിഷൻ റിപ്പോർട്ട് ശരിയല്ലെന്നും പുനഃപരിശോധനയോ റീസർവേയോ വേണമെന്നും വനംവകുപ്പ് കോടതിയിൽ ആവശ്യപ്പെടുകയും ചെയ്തു. സന്നിധാനത്ത് ബോർഡിന് 64 ഏക്കർ ഭൂമിയെ ഉള്ളൂവെന്നാണ് വനംവകുപ്പ് വാദം. ശബരിമല മാസ്റ്റർപ്ലാൻ പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾക്ക് ഇത്രയും ഭൂമിമാത്രം വിട്ടുനൽകിയാൽ മതിയെന്നാണ് അവരുടെ നിലപാട്.

പമ്പയിലെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, പമ്പ ഹിൽടോപ്പ്, പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള നീലിമലപ്പാത, ചന്ദ്രാനന്ദൻ റോഡ്, തുടങ്ങിയവ സംബന്ധിച്ച് 16 റിപ്പോർട്ടുകൾ നേരത്തെ അഭിഭാഷക കമ്മിഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഒാരോ സ്ഥലത്തെയും വൃക്ഷങ്ങളുടെയും കെട്ടിടങ്ങളുടെയും എണ്ണം, കാലപ്പഴക്കം എന്നിവയടക്കമാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിലയ്ക്കൽ ഭാഗത്തെ സർവേയാണ് ഇനി പൂർത്തിയാകാനുള്ളത്.