റാന്നി : പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയതിനെ തുടർന്ന് ശബരിമല തിരുവാഭരണ പാതയിൽ നിന്നിരുന്ന മരങ്ങൾ മുറിച്ചിട്ടു. പഞ്ചായത്ത് അധീനതയിലുള്ള സ്ഥലത്തെ മരങ്ങൾ മുറിച്ച് നീക്കാനാണ് സ്വകാര്യ വ്യക്തിക്ക് കത്ത് നൽകിയത്. അബദ്ധം മനസ്സിലാക്കിയ പഞ്ചായത്തധികൃതർ നോട്ടീസ് റദ്ദാക്കി.

മുറിച്ചിട്ട തടികൾ ലേലം ചെയ്യാനുള്ള നടപടി തുടങ്ങി. ഇതേപോലെ പാതയിൽ കൈയേറ്റം ഒഴിപ്പിച്ച സ്ഥലങ്ങൾ കൈവശം വെച്ചിരുന്നവർക്കൊക്കെ നോട്ടീസ് നൽകിയിരുന്നു. അവയെല്ലാം റദ്ദാക്കി, വ്യാഴാഴ്ച വീണ്ടും ഇവർക്ക് കത്ത് നൽകി.

റാന്നി മന്ദിരം പടിയിൽ വടശ്ശേരിക്കര റോഡിന് സമീപമാണ് മരംമുറി നടന്നത്. തേക്കും ആഞ്ഞിലിയും റബ്ബറും ഉൾപ്പടെ 16 മരങ്ങളാണ് മുറിച്ചിട്ടത്. മേയ് 25-നാണ് പാതയ്ക്കായി അളന്നുതിട്ടപ്പെടുത്തിയ ഭൂമിയിലെ മരങ്ങൾ 15 ദിവസത്തിനകം സ്വന്തം ചെലവിൽ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഭൂമി കൈവശം വെച്ചിരുന്ന വ്യക്തിക്ക് നോട്ടീസ് നൽകിയത്. ഇതേ തുടർന്നാണ് ബുധനാഴ്ച വൈകീട്ട് മരങ്ങൾ മുറിച്ചിട്ടത്. ഇതറിഞ്ഞ തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹികൾ ഉടൻ പഞ്ചായത്ത് സെക്രട്ടറി, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരെ വിവരം അറിയിച്ചു.

തുടർന്ന് പഞ്ചായത്ത് സെക്രട്ടറി മുറിച്ചിട്ട മരങ്ങൾ അവിടെ നിന്നും മാറ്റരുതെന്ന് നിർദേശം നൽകി. വില നിശ്ചയിക്കുവാൻ ഫോറസ്റ്റ് കൺസർവേറ്റർക്ക് കത്ത് നൽകിയതായി സെക്രട്ടറി പറഞ്ഞു.

2012-ൽ തിരുവാഭരണപാത അളന്നു തിട്ടപ്പെടുത്തി കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പഞ്ചായത്തുകൾക്ക് കൈമാറിയിരുന്നു. കൈയേറ്റം പൂർണമായും ഒഴിപ്പിക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്ന് പാത കഴിഞ്ഞമാസം വീണ്ടും അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഈ സ്ഥലത്തെ അതിർത്തികൾ വേലികെട്ടി തിരിക്കുന്നതിന് മുന്നോടിയായി ഇവിടെയുള്ള മരങ്ങളും കൈയാലകളും മറ്റും നീക്കം ചെയ്യണമെന്ന് നോട്ടീസ് നൽകുകയായിരുന്നുവെന്ന് സെക്രട്ടറി പറയുന്നു. എന്നാൽ 2018-ലെ പ്രളയത്തിൽ പഞ്ചായത്തിലെ ഫയലുകൾ നഷ്ടപ്പെട്ടതിനാൽ ഇതിന്റെ പഴയ രേഖകൾ കാണാൻ കഴിയാത്തതിനാലാണ് ഇത് സംഭവിച്ചതെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. പരാതി ലഭിച്ച ഉടൻ ഇത് തിരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചെന്നും സെക്രട്ടറി പറഞ്ഞു.

പരാതിഉയർന്നപ്പോൾ തിരുത്തൽ നടപടി

പരാതിയുമായി തിരുവാഭരണപാത സംരക്ഷണസമിതി

ഇത് നിസ്സാരമായി കാണാനാവില്ലെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല പറഞ്ഞു. ഇതേപോലെ എല്ലാ പഞ്ചായത്തുകളും നോട്ടീസ്‌ നൽകിയിരുന്നുവെങ്കിൽ കൈയേറ്റം ഒഴിപ്പിച്ചെടുത്ത സ്ഥലങ്ങളിലെ കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് നഷ്ടമാവുന്നത്. അഞ്ചുകൊല്ലം മുൻപ് അപകടകരമായി നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ റാന്നി പഞ്ചായത്ത് തീരുമാനിക്കുകയും ഫോറസ്റ്റ് വിഭാഗം വില നിശ്ചയിക്കുകയും നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഈ സമയം വസ്തു ഉടമ റാന്നി മുൻസിഫ് കോടതിയിൽ തർക്കം ഉന്നയിച്ചതിനാൽ തടസ്സപ്പെട്ടു. മൂന്ന് വർഷത്തിനുശേഷം കേസ് നൽകിയവർ പിൻവലിച്ചു. ഇപ്പോൾ പൂർണമായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ചത്. കുറ്റക്കാർ ആരായാലും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകി.