കോഴഞ്ചേരി : കിടങ്ങന്നൂർ, എഴിക്കാട് പാടശേഖരങ്ങളിലെ 40 ഏക്കറോളം നെൽകൃഷി മഴക്കെടുതിയിൽ കൊയ്‌തെടുക്കാനാകാതെ കർഷകർ.

ഏപ്രിൽ ആദ്യവാരം ആരംഭിച്ച മഴ ശക്തിപ്പെട്ടതോടെയാണ് നെല്ല് കൊയ്‌തെടുക്കാനാകാതെ കർഷകർ ദുരിതത്തിലായത്. എഴിക്കാട് പാടശേഖരത്തിലെ 25 ഏക്കറും കിടങ്ങന്നൂർ പാടശേഖരത്തിലെ 15 ഏക്കർ നെൽകൃഷിയുമാണ് കാലവർഷക്കെടുതിയിൽ നശിച്ചത്.

പാകമായ നെല്ല് തുടർച്ചയായ മഴ കാരണമാണ് കൊയ്‌തെടുക്കാൻ കഴിയാതെപോയത്. യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടക്കുമ്പോഴാണ് ന്യൂനമർദം മൂലമുള്ള മഴ ഉണ്ടാകുന്നത്. ഇതോടെ യന്ത്രം പുഞ്ചയിൽ ഇറക്കാൻ കഴിയാതെവന്നതാണ് നെല്ല് കൊയ്‌തെടുക്കാൻ സാധിക്കാത്തതിന് കാരണമായത്. കിടങ്ങന്നൂർ പാടശേഖരത്തിൽ ആദ്യമായാണ് നെൽകൃഷി ആരംഭിച്ചത്.

കിടങ്ങന്നൂർ പാടശേഖരത്തിൽ കൃഷി പുനരാരംഭിക്കണമെങ്കിൽ ഒട്ടേറെ തോടുകളും ചാലുകളും ആഴം കൂട്ടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.