മല്ലപ്പള്ളി : ജില്ലയിലെ ഏഴ് പഞ്ചായത്തുകൾക്ക് പ്രയോജനപ്പെടുന്ന 427 കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ വ്യാഴാഴ്ച സർവേ നടത്തി. മുട്ടുമണ്ണിന് സമീപം മൂന്നരയേക്കർ വരുന്ന വസ്തുവാണ് റവന്യു ലാൻഡ് അക്വിസിഷൻ ഉദ്യോഗസ്ഥ സംഘം വ്യാഴാഴ്ച അളന്ന് തിട്ടപ്പെടുത്തിയത്. സർവെയർമാരായ ശ്രീജിത്ത് ശശിധരൻ പിള്ള, വി.ബിന്റോ, റവന്യൂ ഇൻസ്‌പെക്ടർമാരായ എ.ഹരീഷ്, ജി.പ്രസാദ്, ചെയിൻമാന്മാരായ ടിജോ, സാജിത എന്നിവർ പങ്കെടുത്തു.

ഏറ്റെടുക്കേണ്ട ഭാഗത്തിന്റെ സ്കെച്ചും മഹസറും തയ്യാറാക്കി കളക്ടറേറ്റിൽ സമർപ്പിക്കും. തുടർന്ന് 11/1 നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. വസ്തുവിന്റെ നാട്ടുനടപ്പ് വിലയും മരങ്ങൾക്ക് വനം വകുപ്പ് കണക്കാക്കുന്ന മൂല്യവും ചേർത്ത് പൊന്നുംവില നൽകി ഏറ്റെടുക്കും. നടപടികൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കരുതുന്നതായി റവന്യൂ അധികൃതർ അറിയിച്ചു.

കുന്നന്താനം, പുറമറ്റം, കല്ലൂപ്പാറ, എഴുമറ്റൂർ, കോയിപ്രം, ഇരവിപേരൂർ, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകൾക്കായി ജലഅതോറിറ്റി തയ്യാറാക്കിയ പദ്ധതിയിൽ ജലശുദ്ധീകരണശാലയും അനുബന്ധസൗകര്യങ്ങളും ഒരുക്കാനാണ് സ്ഥലം വിനിയോഗിക്കുക.

സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ വസ്തു ഉടമ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി ഉത്തരവുപ്രകാരമാണ് സർവേ നടപടിയിലേക്ക് കടന്നത്. ഇനിയും വൈകിയാൽ പദ്ധതി നഷ്ടമാകുമെന്ന സ്ഥിതിയാണ്.