മല്ലപ്പള്ളി : എഴുമറ്റൂരിലെ സാമൂഹികാരോഗ്യകേന്ദ്രം പൊളിച്ചുനീക്കാൻ സർക്കാർ ഉത്തരവായിട്ട് രണ്ട് വർഷമാകാറായിട്ടും നടപടിയില്ല. പുതിയ മന്ദിരം നിർമിക്കാനുള്ള പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. കാടുകയറിക്കിടക്കുന്ന 55 സെന്റ് സ്ഥലവും അതിലെ ചിതലെടുത്ത കെട്ടിടങ്ങളും അവഗണനയുടെ സാക്ഷ്യപത്രമായി കഴിയുന്നു.

ഇടിഞ്ഞുവീഴാറായ ഓടിട്ട പഴയകെട്ടിടത്തിന് 3,83,049 രൂപയാണ് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം മതിപ്പുവില കണക്കാക്കിയത്. ഇതിൽ കുറയാത്ത തുകയ്ക്ക് ലേലത്തിൽ നൽകാൻ 2019 സെപ്റ്റംബർ ആറിന് സർക്കാർ ഉത്തരവായി. എന്നാലിതുവരെ നടപടിയില്ല. ഓരോ ദിവസം കഴിയുംതോറും ഉരുപ്പടികളെല്ലാം നശിക്കുകയും ചെയ്യുന്നു.

പകിട്ടാർന്ന ഭൂതകാലം

ഇംഗ്ലീഷ് ഡിസ്പെൻസറിയായാണ് 1944-ൽ ഏഴുമറ്റൂരിൽ ചികിത്സ തുടങ്ങിയത്. പിന്നീട് പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം എന്നിങ്ങനെ പടിപടിയായി ഉയർന്നപ്പോഴും പഴയ കെട്ടിടത്തിൽ തന്നെ തുടർന്നു. 24 കിടക്കകളുള്ള വാർഡ്, ശസ്ത്രക്രിയ, പോസ്റ്റ്മോർട്ടം, ലാബുകൾ എന്നീ സൗകര്യങ്ങൾക്ക് പുറമെ ഗർഭിണികളുടെയും കുട്ടികളുടെയും വിഭാഗവും ഉണ്ടായിരുന്നു. ഓതറ, തെള്ളിയൂർ, പുറമറ്റം പി.എച്ച്.സി.കൾ ഇതിന്റെ കീഴിലായിരുന്നു. എല്ലാം ആശുപത്രിയുടെ നല്ലകാലത്ത്. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ പദ്ധതിയിൽ കെട്ടിടം നിർമിക്കാൻ എട്ട് ലക്ഷം രൂപ 2001-ൽ അനുവദിച്ചതാണ്. പക്ഷേ, രാഷ്ട്രീയ വടംവലിക്കിടയിൽ തുക നഷ്ടമായി.

ആശുപത്രിക്കും വാർധക്യം

കഴുക്കോലുകൾ ദ്രവിച്ചും ഭിത്തികൾ വിണ്ടുകീറിയും അപകടാവസ്ഥയിലായപ്പോഴാണ് ജില്ലാ പഞ്ചായത്ത് പട്ടികജാതി വികസനഫണ്ടിൽ നിർമിച്ച വൃദ്ധസദനത്തിലേക്ക് നാല് വർഷം മുൻപ് ആശുപത്രിയുടെ പ്രവർത്തനം മാറ്റിയത്. അതോടെ ശ്രദ്ധിക്കാനാരുമില്ലാതെ വാർധക്യം കഴിച്ചുകൂട്ടുന്ന ഒറ്റപ്പെട്ടവരുടെ സ്ഥിതിയായി ഈ ആതുരാലയത്തിനും. ഒരു വർഷത്തിനുള്ളിൽ പുതിയ കെട്ടിടം പണിയാമെന്ന് അന്ന് നൽകിയ വാഗ്ദാനം വീൺവാക്കായി.

കോടികൾ കടലാസിൽമാത്രം

ദോഷം പറയരുതല്ലോ, പൊതുമരാമത്ത് വകുപ്പ് രണ്ട് തവണ എസ്റ്റിമേറ്റ് എടുത്തിരുന്നു. ആർക്കിടെക്ചർ വിഭാഗം തയ്യാറാക്കിയ രൂപരേഖയിൽ എട്ട് നിലകളാണുണ്ടായിരുന്നത്. താഴത്തെ രണ്ട് നിലകൾ കാർ പാർക്കിങ്ങിനായിമാത്രം നീക്കിവച്ചു. ആകെ ചെലവ് കണക്കാക്കിയത് 24 കോടി രൂപ. പണമില്ലാത്തതിന്റെ പേരിൽ പിന്നീട് ഇത് മാറ്റി. ആദ്യ രണ്ടുനിലകൾമാത്രം തീർക്കാൻ എസ്റ്റിമേറ്റ് അഞ്ചുകോടി രൂപയായി ചുരുക്കി. മൂന്ന് കോടി രൂപ ആരോഗ്യവകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്നു ബാക്കി രണ്ട് കോടി ധനകാര്യവകുപ്പിന്റെ പ്രത്യേകാനുമതി പ്രകാരവും ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ വർഷം നാല് കഴിഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല.

മന്ത്രിയും എം.എൽ.എ.യും അറിയാൻ

അടുത്തുള്ള പഞ്ചായത്തുകളിലെ ആശുപത്രികൾ ആർദ്രം പദ്ധതിയിൽ കോടികൾ ചെലവഴിച്ച് വികസിപ്പിക്കുമ്പോഴും ഏഴുമറ്റൂർ അവഗണിക്കപ്പെടുകയാണ്. ആരോഗ്യമന്ത്രി വീണാ ജോർജും പ്രമോദ് നാരായൺ എം.എൽ.എ.യും എഴുമറ്റൂർ സന്ദർശിക്കുമെന്നും ആശുപത്രിക്കാര്യത്തിൽ ഇടപെടുമെന്നുമാണ് നാട്ടുകാരുടെ പ്രതീക്ഷ.