റാന്നി : പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വാർഡുകളിലെ പല മുന്നണികളും സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും മിക്കയിടത്തും അവർ ഓടിത്തുടങ്ങി. സമയപരിമിതി കാരണം പോസ്റ്റർ, കട്ടൗട്ടുകൾ കിട്ടാനാണ് താമസം. പലരും അത് ആഴ്ചകൾക്ക് മുമ്പ് ഓർഡർ ചെയ്തുകഴിഞ്ഞു. റാന്നിയിലെ പ്രസുകളുടെ മുന്നിൽ കട്ടൗട്ടുകൾ നിരന്നുകഴിഞ്ഞു. ഇവിടെ പാർട്ടിയില്ല. ആദ്യം ഓർഡർ ചെയ്യുന്നവർക്ക് ആദ്യം നൽകും. തിരക്കോട് തിരക്കിലാണിവർ.

സീറ്റ് ഉറപ്പായവർ ഒരു മാസം മുമ്പുതന്നെ പ്രസിൽ പോസ്റ്ററുകൾക്കും കട്ടൗട്ടുകൾക്കും ഓർഡർ നല്കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പുതന്ന നൂറിലധികം സ്ഥാനാർഥികൾ ഓർഡർ നൽകിയിരുന്നതായി റാന്നിയിലെ ഒരു പ്രസ് ഉടമ പറഞ്ഞു. പിന്നീട് തിരക്ക് കൂട്ടുന്നത് സീറ്റ് കിട്ടില്ലെന്ന് ഉറപ്പായ ചിലരാണ്. പലയിടത്തും ഇത്തരത്തിൽ വിമതന്മാർ സ്വതന്ത്രന്മാരായി രംഗത്തെത്തിക്കഴിഞ്ഞു. ചിലർ കട്ടൗട്ടുകൾ സ്ഥാപിച്ചും കഴിഞ്ഞു. മൂന്നുമുന്നണികളുടെയും സ്ഥാനാർഥി നിർണയം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഇടതുമുന്നണിയുടെ സറ്റ് വിഭജനം പൂർത്തിയായിക്കഴിഞ്ഞു. യു.ഡി.എഫിലും അവസാന ഘട്ടത്തിലാണ്. നിലവിലുള്ള അതേപോലെ സീറ്റുകൾ നൽകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശം. ചില വാർഡുകളിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നു. എൻ.ഡി.എ.യിലും സ്ഥാനാർഥിനിർണയം അവസാന ഘട്ടത്തിലാണ്. സീറ്റ് ഉറപ്പായവർ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥന തുടങ്ങിക്കഴിഞ്ഞു.